
നെടുമങ്ങാട്: അരുവിക്കരയ്ക്ക് സമീപം ഇരുമ്പ ഭദ്രകാളി ക്ഷേത്രത്തിലെ ഓഫീസും കാണിക്കവഞ്ചിയും തകർത്ത് ഒന്നര ലക്ഷത്തോളം രൂപയും രണ്ടു പവന്റെ ആഭരണങ്ങളും കവർന്നു. ആയില്യ പൂജയ്ക്ക് വേണ്ടി ക്ഷേത്രം ശുചീകരിക്കാനെത്തിയവരാണ് തിങ്കളാഴ്ച വൈകിട്ട് ഓഫീസും കാണിക്കവഞ്ചിയും കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. കമ്മിറ്റി ഓഫീസിലെ മൂന്ന് വാതിലുകൾ തകർത്ത് മോഷ്ടാക്കൾ ഓഫീസിൽ സൂക്ഷിച്ചിരുന്ന രണ്ടു പവനോളം സ്വർണവും പണവും ക്ഷേത്ര പൂജാരിയുടെ മുറിയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും ക്ഷേത്രത്തിന്റെ മുൻവശത്തെ കാണിക്കവഞ്ചിയും മറ്റ് ഏഴോളം കാണിക്ക വഞ്ചികളും കുത്തിപ്പൊളിച്ച പണവുമാണ് കടന്നത്. ഏകദേശം ഒന്നരലക്ഷത്തോളം രൂപ മോഷ്ടാക്കൾ കവർന്നതായി ക്ഷേത്രഭാരവാഹികൾ പറഞ്ഞു. കമ്പിയുമായി ബൈക്കിൽ എത്തിയ രണ്ടുപേർ രാത്രി ഒരു മണിയോടെ ക്ഷേത്രത്തിന്റെ പിറകിലൂടെ അകത്തു കയറുന്ന ദൃശ്യങ്ങൾ സമീപത്തെ സിസി ടിവി കാമറയിൽ നിന്ന് പൊലീസിന് ലഭിച്ചു.അരുവിക്കര പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.