
തിരുവനന്തപുരം: പിരിച്ചുവിടാൻ നോട്ടീസ് നൽകിയിരിക്കുന്ന കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ വി.സി ഡോ. പി.എം. മുബാറക് പാഷ, തിരുവനന്തപുരത്തെ ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥ് എന്നിവരുടെ ചട്ടവിരുദ്ധമായ നിയമനത്തിൽ ഗവർണർ യു.ജി.സി നിലപാട് തേടി. അതത് വാഴ്സിറ്രികളുടെ പ്രഥമ വി.സിമാരായ ഇവരുടെ നിയമനത്തിന് സെർച്ച് കമ്മിറ്റിയോ പാനലോ ഇല്ലാതിരുന്നത് യു.ജി.സി ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഇരുവർക്കും നോട്ടീസ് നൽകിയിരുന്നത്.
യു.ജി.സി അംഗീകാരത്തിനായി വി.സി അനിവാര്യമായതിനാലാണ് അടിയന്തര സാഹചര്യത്തിൽ ആദ്യത്തെ വി.സി നിയമനം സെർച്ച് കമ്മിറ്റിയില്ലാതെ നടത്തിയതെന്നും ഈ വാഴ്സിറ്റികൾക്കായി യു.ജി.സി ചട്ടത്തിൽ ഇളവ് തേടണമെന്നും കഴിഞ്ഞ ദിവസം നടത്തിയ ഹിയറിംഗിൽ ഇവർ ഗവർണറോട് അഭ്യർത്ഥിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ യു.ജി.സി ചെയർമാന് കത്തയച്ചത്. ഇക്കാര്യം ഗവർണർ ഹൈക്കോടതിയെ അറിയിക്കും.
പാഷയ്ക്കായി കുറുക്കുവഴി,
തടയിട്ട് ഗവർണർ
ഓപ്പൺ യൂണി. വി.സി മുബാറക്പാഷയ്ക്ക് പ്രൊഫസറായി 10 വർഷത്തെ പ്രവൃത്തി പരിചയമില്ലെന്ന് ഹൈക്കോടതിയിൽ കേസെത്തിയതിനു പിന്നാലെ പാഷ മുമ്പ് 2 വർഷക്കാലം പ്രവർത്തിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കോളേജ് ഡെവലപ്‌മെന്റ് കൗൺസിൽ ഡയറക്ടർ പദവി മുൻകാലപ്രാബല്യത്തോടെ സൃഷ്ടിക്കാൻ വാഴ്സിറ്റി ശ്രമിച്ചു. ഇതിനുള്ള ശുപാർശ കഴിഞ്ഞയാഴ്ച ഗവർണർ നിരസിച്ച് തിരിച്ചയച്ചു.
ആറുവർഷം കോഴിക്കോട് ഫാറൂഖ് കോളേജിൽ പ്രിൻസിപ്പലായും രണ്ടുവർഷം കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ ഡയറക്ടറായും പ്രവർത്തിച്ച പാഷ, 2003- 2006 കാലയളവിൽ സി.ഡി.സി ഡയറക്ടറായിരുന്നു. എന്നാൽ, അന്ന് സി.ഡി.സി തസ്തിക സൃഷ്ടിച്ചിരുന്നില്ല. കോളേജിൽ നിന്ന് താത്കാലിക തസ്തികയിലേക്ക് ഡെപ്യൂട്ടേഷനിലെത്തുകയായിരുന്നു. അതിനാൽ ആ 2 വർഷത്തെ പരിചയം വി.സി നിയമനത്തിൽ പരിഗണിക്കില്ല.
സി.ഡി.സി തസ്തികയ്ക്ക് 2003 മുതൽ മുൻകാലപ്രാബല്യം ലഭിച്ചാൽ പ്രൊഫസറായി 10വർഷത്തെ പരിചയം വേണമെന്ന യു.ജി.സി ചട്ടം പാലിക്കാം. മുമ്പു ഈ തസ്തിക സ്ഥിരപ്പെടുത്താൻ വാഴ്സിറ്റി ശുപാർശചെയ്തെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല.