
തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്ക്‌രണ ആനുകൂല്യം നൽകാൻ മന്ത്രിസഭായോഗ തീരുമാനം.
2021 മാർച്ച് മുതൽ സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളപരിഷ്കരണം നടപ്പാക്കിയപ്പോൾ സപ്ലൈകോയിൽ നടപ്പാക്കിയിരുന്നില്ല. ശമ്പള പരിഷ്ക്‌രണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സപ്ലൈകോ ജീവനക്കാരുടെ സംഘടനകൾ സമരരംഗത്തിറങ്ങിയിരുന്നു. ഡിസംബർ മുതൽ നടപ്പാക്കാമെന്ന് മന്ത്രി ജി.ആർ. അനിൽ ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പിനെ തുടർന്നാണ് മന്ത്രിസഭായോഗം ഇക്കാര്യം തത്വത്തിൽ തീരുമാനിച്ചത്.
കേരള മീഡിയ അക്കാഡമിയിലെ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ എന്നിവ വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കും.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന 615 ജീവനക്കാരുടെയും ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്ന 40 ജീവനക്കാരുടെയും വേതനം നിബന്ധനകളോടെ പരിഷ്ക്‌രിക്കും.
കണ്ണൂർ ജില്ലയിലെ പിണറായി വില്ലേജിൽ കിഫ്ബി ധനസഹായത്തോടെ വിദ്യാഭ്യാസ സമുച്ചയം നിർമ്മിക്കുന്നതിന് 245 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നൽകി.
ശ്രീചിത്രയിൽ നിയമനം
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ്
ആൻഡ് ടെക്‌നോളജിയിൽ ന്യൂറോ സർജറി വകുപ്പിൽ നിന്ന് വിരമിച്ച ഡോ. സഞ്ജീവ് വി. തോമസിനെ പുനർനിയമന വ്യവസ്ഥയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേറ്റീവ് ആൻഡ് കൊഗ്‌നിറ്റീവ് ന്യൂറോ സയൻസസ് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു.
56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടാൻ അനുമതി നൽകി. അടുത്ത വർഷം മാർച്ച് 31 വരെ ഈ കോടതികൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കും.