
പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം വിജയിച്ചതോടെ എൽ.ഡി.എഫിന് ഭരണം നഷ്ടമായി.
ഇന്നലെ രാവിലെ 10ന് പ്രസിഡന്റ് എം.ചിഞ്ചുവിനെതിരെയും ഉച്ചയ്‌ക്ക് 2ന് വൈസ് പ്രസിഡന്റ് ബി.മധുസൂദനൻ നായർക്കെതിരെയുമാണ് അവിശ്വാസ പ്രമേയം ചർച്ച ചെയ്‌തത്. വരണാധികാരിയായ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ധീരജ് മാത്യു ജെ.ജെയുടെ സാന്നിദ്ധ്യത്തിൽ പ്രസിഡന്റിനെതിരെയുള്ള പ്രമേയം പഞ്ചായത്ത് അംഗം പുഷ്‌പം സൈമൺ അവതരിപ്പിച്ചു. 10 അംഗങ്ങൾ പിന്തുണച്ചതോടെ പ്രമേയം പാസായതായി വരണാധികാരി പ്രഖ്യാപിച്ചു. ഉച്ചയ്‌ക്ക് 2ന് വൈസ് പ്രസിഡന്റിനെതിരെയുള്ള പ്രമേയം പഞ്ചായത്ത് അംഗം ജോണി ജൂസ അവതരിപ്പിച്ചു. 10 അംഗങ്ങൾ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രമേയം പാസാകുകയായിരുന്നു.കോൺഗ്രസ് അംഗങ്ങളായ പുഷ്‌പം സൈമൺ, ഡെൽഫിജോസ്, എസ്.ബി. ധനലക്ഷമി, പ്രഭബിജു, ജോണിജൂസ, ഇ.എൽബറി, ഫ്രീഡാസൈൺ എന്നിവരാണ് അവിശ്വാസ പ്രമേയാനുമതി തേടി നോട്ടീസ് നൽകിയിരുന്നത്. ഇവർക്കൊപ്പം സ്വതന്ത്രരായ കല്ലുമുക്ക് വാർഡ് അംഗം എ. സെൽവൻ, ചെമ്പകരാമൻതുറ വാർഡ് അംഗം തദയൂസ്, കൊച്ചുപള്ളി വാർഡിലെ എൽ.ഡി.എഫ് അംഗം സോളമൻ എന്നിവർ പിന്തുണച്ചതിനെ തുടർന്നാണ് അവിശ്വാസ പ്രമേയ ചർച്ച വിജയിച്ചത്. എൽ.ഡി.എഫ് അംഗങ്ങളായ 8 പേർ ചർച്ചയിൽ പങ്കെടുത്തില്ല.
18 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് 9 അംഗങ്ങളും കോൺഗ്രസിന് 7 അംഗങ്ങളുമാണുണ്ടായിരുന്നത്. രണ്ട് സ്വതന്ത്ര അംഗങ്ങളിൽ ഒരാളുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരണം നടത്തിയിരുന്നത്. അവിശ്വാസ പ്രമേയം വിജയിച്ച സാഹചര്യത്തിൽ ഇലക്ഷൻ കമ്മിഷൻ നിർദ്ദേശിക്കുന്നതനുസരിച്ച് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമെന്ന് വരണാധികാരി പറഞ്ഞു.