
തിരുവനന്തപുരം: പൊലീസ് അക്കാഡമിയിലെ നിർമ്മാണങ്ങൾക്ക് അനുവദിച്ച തുകയിൽ മിച്ചം വന്ന 8.26ലക്ഷം രൂപ സർക്കാർ അറിയാതെ വകമാറ്റി മറ്റ് പ്രവൃത്തികൾക്ക് ചട്ടവിരുദ്ധമായി അനുമതി നൽകിയ പൊലീസ് മേധാവിക്ക് ആഭ്യന്തരവകുപ്പിന്റെ താക്കീത്.
ഒട്ടേറെ ക്രമക്കേടുകൾ വേറെയും പൊലീസ് മേധാവി നടത്തിയെന്നും വഴിവിട്ട് ചെലവഴിച്ചതിന്റെ ഉത്തരവാദിത്വം പൊലീസുദ്യോഗസ്ഥർക്കാണെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് അഡി. ചീഫ്സെക്രട്ടറി ഡോ. വി. വേണു ഡി.ജി.പ്പിക്ക് കത്ത് നൽകി. മിച്ചം വരുന്ന തുക ഖജനാവിൽ തിരിച്ചടയ്ക്കണമെന്ന കർശന നിർദ്ദേശവും നൽകി.
തൃശൂർ പൊലീസ് അക്കാഡമിയിലെ പച്ചക്കറിത്തോട്ടത്തിന്റെ ചുറ്റുമതിലിന് ഉയരം കൂട്ടാൻ 24,15,252 രൂപ 2015 നവംബർ 16ന് സർക്കാർ അനുവദിച്ചിരുന്നു. ഇതിൽ 4,23,772രൂപ മിച്ചം വന്നു. അക്കാഡമിയിൽ മെസ് ഹാൾ നിർമ്മാണ ശേഷം 4,14,610രൂപയും മിച്ചംവന്നു. ഈ തുക അക്കാഡമി ഡയറക്ടറുടെ കൈവശമായിരുന്നു. സർക്കാരിനെ അറിയിക്കാതെ, പൊലീസ് മേധാവി ഈ തുകയുപയോഗിച്ച് അക്കാഡമിയിലെ ആംഫി തീയറ്ററിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണിക്ക് അനുമതി നൽകി. 8,26,946രൂപയ്ക്ക് അറ്റകുറ്റപ്പണി നടത്തി. മിച്ചംവന്ന 1,18,079രൂപ ഉപയോഗിച്ച് അക്കാഡമിയിലെ മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ ഓഫീസിന് വാഹന ഷെഡുണ്ടാക്കാനും അനുമതി. പണം വകമാറ്റിയത് സാധൂകരിക്കാൻ ജൂലായ് ആറിന് ആഭ്യന്തരസെക്രട്ടറിക്ക് കത്തും നൽകി.
മിച്ചംവന്ന തുക മറ്റൊന്നിന് ഉപയോഗിക്കാൻ കഴിയില്ലെന്ന് ചട്ടമുണ്ടായിരിക്കെ ഇത്രയും തുക വകമാറ്റി മറ്റ് പ്രവൃത്തികൾക്ക് അനുമതി നൽകിയത് ആശ്ചര്യകരമാണെന്ന് ആഭ്യന്തരസെക്രട്ടറി ഡി.ജി.പിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.
ഡി.ജി.പിക്ക്
താക്കീത് പലവട്ടം
1. 2022 സെപ്തംബർ
സർക്കാർ അറിയാതെ 2018ൽ ഭാരത് പെട്രോളിയം കോർപറേഷന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 17,56,572രൂപ സ്വീകരിച്ച് പിങ്ക് പൊലീസിനായി രണ്ട് കാറുകൾ വാങ്ങിയതിന് താക്കീത്. ഭാവിയിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സി.എസ്.ആർ ഫണ്ട് സ്വീകരിക്കാനോ വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ കരാറുകളിൽ ഏർപ്പെടാനോ പാടില്ലെന്നും നിർദ്ദേശിച്ചു. അഡ്വക്കേറ്റ് ജനറലാണ് ചട്ടവിരുദ്ധ ഇടപാട് കണ്ടെത്തിയത്.
2. 2021മേയ്
സർക്കാർ അനുമതിയില്ലാതെ പൊലീസിന്റെ വെബ്സൈറ്റ് പുതുക്കാൻ ഐടി കമ്പനിക്ക് 4,01,200 രൂപ കരാർ നൽകിയതിന് ഡി.ജി.പി മാപ്പു പറഞ്ഞു. കവികാ ടെക്നോളജീസ് എന്ന സ്ഥാപനത്തിന് വകുപ്പുതല സാങ്കേതിക സമിതിയുടെ ശുപാർശ പോലും ലഭിക്കും മുൻപ് വർക്ക്ഓർഡർ നൽകുകയായിരുന്നു. ഒടുവിൽ ഇത് സാധൂകരിച്ചു.
3. 2020ഏപ്രിൽ
അശ്വാരൂഢ സേനയിലെ 25 കുതിരകൾക്ക് ഭക്ഷണസാധനങ്ങൾ വാങ്ങാൻ സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ സ്വകാര്യസ്ഥാപനത്തിന് 56.88 ലക്ഷം രൂപ അനുവദിച്ചതിന് ആഭ്യന്തര വകുപ്പിന്റെ താക്കീത്.