kf

വർക്കല: വർക്കല മൈതാനത്തെ ബെവ്കോ ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ വർക്കല പൊലീസ് അറസ്റ്റുചെയ്‌തു. വർക്കല കോട്ടമൂല സ്വദേശി അസിം (33),​ അയിരൂർ കോവൂർ സ്വദേശി അജിത്ത് (25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 1.30ഓടെയാണ് സംഭവം. ഔട്ട്ലെറ്റിന്റെ പൂട്ട് കുത്തിത്തുറന്ന് ഗ്രിൽ വളച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. ഔട്ട്ലെറ്റിന്റെ മാനേജർ ക്യാബിനു സമീപത്ത് സൂക്ഷിച്ചിരുന്ന വിലകൂടിയ വിദേശനിർമ്മിത മദ്യമാണ് സംഘം മോഷ്ടിച്ചത്. ഓഫീസിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണും മോഷണം പോയിരുന്നു. ഫോൺ പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പണം കവരുന്നതിനായി സേഫ് ലോക്കർ പൊളിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഔട്ട്ലെറ്റിലെ ഓഫീസിലുണ്ടായിരുന്ന മൂന്നു ബാഗുകളിലായാണ് ഇവർ 31 കുപ്പി മദ്യം കടത്തിയത്.

ഔട്ട്ലെറ്റിന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച ശേഷം മോഷ്ടാക്കൾ അകത്തുകയറിയതിനാൽ ഔട്ട്ലെറ്റിലെ സി.സി ടിവിയിൽ ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല. തുടർന്ന് സമീപത്തെ ലോഡ്‌ജിന്റെ സി.സി ടിവി പരിശോധിച്ചപ്പോഴാണ് മൂന്നുപേർ ഔട്ട്ലെറ്റിൽ കടന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. റൂറൽ എസ്.പി ഡി. ശില്പയുടെയും വർക്കല ഡിവൈ.എസ്.പി പി.നിയാസിന്റെയും നിർദ്ദേശത്തെ തുടർന്ന് വർക്കല എസ്.എച്ച്.ഒ എസ്. സനോജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്. സബ് ഇൻസ്‌പെക്ടർ രാഹുൽ .പി.ആർ, പ്രൊബേഷൻ എസ്.ഐ മനോജ് സി, എ.എസ്.ഐമാരായ ഷാനവാസ്, ഫ്രാങ്ക്ളിൻ, ബിജു, ഷൈൻ, എസ്.സി.പി.ഒമാരായ റിയാസ്, വിജു, ബ്രിജിലാൽ, സി.പി.ഒമാരായ ബിനു,​ശ്രീദേവി,​ റാം ക്രിസ്ട്യൻ, സുധീർ, ജയമോഹൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്‌തത്.

മോഷണം നടത്തിയ മദ്യം വില്പന നടത്തിയതിനാൽ അബ്കാരി നിയമപ്രകാരം കേസെടുത്തതായും ഒളിവിൽപ്പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായും എസ്.എച്ച്.ഒ എസ്‌. സനോജ് പറഞ്ഞു.