k

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തരുതെന്നും,. അത്തരം പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

ഒരു ലീഗ് നേതാവിൽ നിന്ന് സാംസ്‌കാര ശൂന്യവും വസ്തുതാവിരുദ്ധവും സമനില തെറ്റിയതുമായ പരാമർശമുണ്ടായി.അതിനോടുള്ള നിലപാട് മുസ്ലിം ലീഗ് വ്യക്തമാക്കണം. പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള ജനകീയ ചർച്ചയ്ക്ക് തയാറാക്കിയ കുറിപ്പിനെ സംബന്ധിച്ച അദ്ദേഹത്തിന്റെ പരാമർശങ്ങൾ കുറിപ്പിലുണ്ടെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ,ആടിനെ പട്ടിയാക്കി പിന്നീട് പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന പ്രയോഗത്തിനാണ് ലീഗ് നേതാവ് ശ്രമിക്കുന്നത്.

പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ സുതാര്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് . മിക്സഡ് സ്‌കൂൾ, യൂണിഫോം വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളും അദ്ധ്യാപക- രക്ഷാകർതൃ സമിതിയും തദ്ദേശഭരണ സ്ഥാപനവും ചേർന്നെടുക്കുന്ന തീരുമാനം പൊതു വിദ്യാഭ്യാസ വകുപ്പ് തലത്തിൽ പരിശോധിച്ചാണ് അനുമതി നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.