തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഡി.ആർ. അനിലും രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ ഇരുവരുടെയും ഓഫീസുകൾ ഉപരോധിച്ചു.
പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ മന്ത്രിമാരായ എം.ബി.രാജേഷിന്റെയും വി.ശിവൻകുട്ടിയുടെയും നേതൃത്വത്തിൽ ആദ്യഘട്ട ചർച്ച നടന്നിരുന്നു. മേയറിന്റെയും ഡി.ആർ.അനിലിന്റെയും രാജി ബി.ജെ.പി ആവശ്യപ്പെട്ടെങ്കിലും നിയമസഭ കഴിഞ്ഞാൽ ഇതുസംബന്ധിച്ച ചർച്ച നടത്താമെന്നാണ് മന്ത്രിമാർ അറിയിച്ചിരുന്നത്. എന്നാൽ തുടർ ചർച്ചകൾക്ക് സർക്കാരിന് താത്പര്യമില്ലെന്ന് ബി.ജെ.പി ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം. രാവിലെ മുതൽ മേയറുടെ ഓഫീസ് ഉപരോധം ആരംഭിച്ചു. ഉച്ചയ്‌ക്ക് ഒന്നരയോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കിയ ശേഷമാണ് മേയർ ഓഫീസിലെത്തിയത്. ബി.ജെ.പി നേതാക്കളായ എം.ആർ.ഗോപൻ, തിരുമല അനിൽ, കരമന അജിത്, വി.ജി.ഗിരികുമാർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
കരിങ്കൊടി പ്രതിഷേധവുമായി യു.ഡി.എഫ്
നിയമന കത്ത് വിവാദത്തിൽ കരിങ്കൊടി പ്രതിഷേധവുമായി യു.ഡി.എഫ്. ഇന്നലെ രാവിലെ കോർപ്പറേഷനുള്ളിൽ കരിങ്കൊടി നാട്ടാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റുചെയ്‌തു നീക്കി. കരിങ്കൊടിയുമായി അകത്തേക്ക് കയറിയ ബിനോയ് ഷാനിർ എന്ന യൂത്ത്‌കോൺഗ്രസ് പ്രവർത്തകനെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകനും പൊലീസും തമ്മിൽ ഉന്തുംതള്ളും കൈയാങ്കളിയുമായി.
പ്രവർത്തകനെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് തടയാനെത്തിയ യു.ഡി.എഫ് കൗൺസിലർമാരും പൊലീസും തമ്മിലും ഉന്തുംതള്ളുമുണ്ടായി. പുരുഷ പൊലീസുകാരടക്കം വനിതാകൗൺസിലർമാരെ തള്ളിയെന്നും വനിതാ കൗൺസിലരുടെ വസ്ത്രം വലിച്ചുകീറിയെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി. പദ്മകുമാർ ആരോപിച്ചു. ഇന്നുമുതൽ സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കൗൺസിലർമാരായ ജോൺസൺ ജോസഫ്, മേരിപുഷ്പം, സതികുമാരി, വനജ രാജേന്ദ്രബാബു, സി.ഓമന, സെറാഫിൻ ഫ്രെഡി, മിലാനി പെരേര എന്നിവർ സമരത്തിന് നേതൃത്വം നൽകി.