
വിഴിഞ്ഞം: കോവളം തീരത്തെ മത്സ്യത്തൊഴിലാളിയും കരകൗശലക്കാരനുമായ കോവളം സ്വദേശി സലിം എന്നും വിദേശികൾക്കൊരു കൗതുകമാണ്.ചിരട്ടയിൽ തീർക്കുന്ന കൗതുക വസ്തുക്കളാൽ വിദേശികളെ കൈയിലെടുക്കാൻ സലിമിനറിയാം.കോവളം ലൈറ്റ് ഹൗസ് തീരത്തെ വർണക്കുടയ്ക്ക് കീഴിൽ ചിരട്ടയിൽ തീർത്ത കൗതുക വസ്തുക്കളുമായി ഇരിക്കുന്ന സലിമിനെയാണ് സഞ്ചാരികൾ കാണുന്നത്. എന്നാൽ സലിമിനിത് വരുമാനത്തിനപ്പുറം ആനന്ദവും നൽകുന്നു. കടൽത്തീരത്തെ രാവിലെയുള്ള മത്സ്യബന്ധനം കഴിഞ്ഞാൽ, സലിം നേരെ ഈ കുടക്കീഴിലാണ് എത്തുന്നത്.ചിരട്ടയിൽ വിവിധതരം കലാരൂപങ്ങൾ ഉണ്ടാക്കുന്നതും ഇവിടിരുന്നുതന്നെ. പെൻസ്റ്റാൻഡ് മുതൽ ചിരട്ടക്കുപ്പികൾ വരെ സ്വന്തം ആശയത്തിൽ തയാറാക്കുന്നു.വലിപ്പമുള്ള തേങ്ങകൾ തെരഞ്ഞെടുത്ത് വില കൊടുത്ത് വാങ്ങിയാണ് ശില്പ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. വെള്ളയും കറുപ്പും നിറം കലർന്ന കൗതുക വസ്തുക്കളാണ് കൂടുതലും നിർമ്മിക്കുന്നത്. വെള്ള നിറത്തിനായി കരിക്കിന്റെ ചിരട്ടയാണ് ഉപയോഗിക്കുന്നത്. ചില രൂപങ്ങൾ ഉണ്ടാക്കാൻ ദിവസങ്ങളോ മണിക്കൂറുകളോ വേണ്ടിവരുന്നു. ഓരോ നിർമ്മാണത്തിന്റെയും സമയദൈർഘ്യവും അദ്ധ്വാനവും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. 500 രൂപ മുതൽ 3000 രൂപവരെ വിലവരുന്ന വസ്തുക്കൾ ഉണ്ടാക്കാറുണ്ടെന്ന് സലിം പറയുന്നു. സാൻഡ് പേപ്പറും ഹാക്സോ ബ്ലെയ്ഡും മാത്രമാണ് സലിമിന്റെ പണിയായുധം. നിർമ്മിച്ച ശില്പങ്ങൾ സാൻഡ് പേപ്പർ ഉപയോഗിച്ച് മിനുസപ്പെടുത്തിയ ശേഷം എണ്ണ തേച്ചാണ് ആകർഷകമാക്കുന്നത്. പോളിഷ് ഉപയോഗിക്കാത്തതിനാൽത്തന്നെ ചിരട്ടയുടെ സ്വാഭാവികത നഷ്ടപ്പെടുന്നില്ല. കോവളത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് സലിം കൗതുക വസ്തുക്കൾ ഉണ്ടാക്കി വില്പന നടത്താൻ തുടങ്ങിയിട്ട് പത്ത് വർഷത്തോളമാകുന്നു.