
തിരുവനന്തപുരം:കാർബൺ ബഹിർഗമനം കുറയ്‌ക്കാനുള്ള പ്രവർത്തനങ്ങളുമായി കേരളം മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാന ഊർജ്ജസംരക്ഷണ അവാർഡുകളും അക്ഷയ ഊർജ്ജ അവാർഡുകളും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർബൺ ബഹിർഗമനം കുറയ്‌ക്കാൻ പുനരുപയോഗ സാധ്യതയുള്ളതും മലിനീകരണം കുറഞ്ഞതുമായ ഊർജ്ജ സ്രോതസുകൾക്കാണ് മുൻഗണന നൽകുന്നത്.സൗരോർജ്ജ പദ്ധതികൾ, ഇ-വാഹനങ്ങൾ, ജല വൈദ്യുത പദ്ധതികൾ എന്നിവ നടപ്പാക്കുന്നത് ഇതിന്റെ ഭാഗമായാണ്. 336മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള സൗരോർജ്ജ പദ്ധതികളും 38.5 മെഗാവാട്ട് ജലപദ്ധതികളും പൂർത്തിയാക്കി. നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതികളുടെ പ്രവൃത്തി വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയ്യങ്കാളിഹാളിൽ നടന്ന ചടങ്ങിൽ വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കാർബോറണ്ടം യൂണിവേഴ്സൽ ലിമിറ്റഡ്,ഇലക്ട്രോ മിനറൽ ഡിവിഷൻ എറണാകുളം (വൻകിട ഊർജ്ജ ഉപഭോക്താക്കൾ),ഒ.ഇ.എൻ ഇന്ത്യ ലിമിറ്റഡ് (ഇടത്തരം ഉപഭോക്താക്കൾ),റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ് കൊല്ലം (ചെറുകിട ഉപഭോക്താക്കൾ),കെ ഡിസ്‌ക് (കെട്ടിടങ്ങൾ), എസ്.എച്ച് കോളജ് തേവര (സംഘടനകൾ/സ്ഥാപനങ്ങൾ),ചിൽട്ടൺ റഫ്രിജറേഷൻ പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം(ഊർജ്ജകാര്യക്ഷമത കൂടിയ ഉപകരണങ്ങളുടെ പ്രമോട്ടർമാർ)എന്നീ സ്ഥാപന പ്രതിനിധികൾ അവാർഡുകൾ സ്വീകരിച്ചു.
അക്ഷയഊർജ്ജ വിഭാഗത്തിൽ സിയാൽ, കാസർകോട് ജില്ലാപഞ്ചായത്ത്, ഇൻകെൽ,എസ്.എച്ച് കോളജ് തേവര,എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്, തിരുവനന്തപുരം ടി.സി.എസ്, ആലപ്പുഴ എയ്ഞ്ചൽ ഏജൻസീസ്, മുഹമ്മദ് ഷഫീഖ്.എൻ.എന്നിവരാണ് ജേതാക്കൾ. വിജയികൾക്ക് ഒരു ലക്ഷം രൂപ ലഭിച്ചു.
മന്ത്രി ആന്റണിരാജു,ഡോ.ആർ.വി.ജി മേനോൻ,ഊർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ തുടങ്ങിയവർ പങ്കെടുത്തു.