തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള വേദിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മൂന്നു പേർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.ഡെലിഗേറ്റ് പാസ് ഇല്ലാതെ പുറത്തുനിന്നെത്തി ബഹളം വച്ച തിരുവനന്തപുരം സ്വദേശി കിഷോർ(25),തൃശൂർ സ്വദേശിനി നിഹാരിക(21),കൊല്ലം സ്വദേശി മുഹമ്മദ് ഹനീൻ(25) എന്നിവർക്കെതിരെയാണ് നിയമവിരുദ്ധമായി സംഘം ചേർന്നതിനാണ് കേസെടുത്തത്.ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.തിങ്കളാഴ്ച വൈകിട്ട് 'നൻപകൽ നേരത്ത് മയക്കം' എന്ന സിനിമ പ്രദർശിപ്പിച്ച ടാഗോർ തിയേറ്ററിലാണ് റിസർവേഷനുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടായത്.സംഭവം അറിഞ്ഞെത്തിയ പൊലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും പ്രതിഷേധം തുടർന്നതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.ഇവരുടെ കൈയിൽ ഡെലിഗേറ്റ് പാസ് ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.അതേസമയം,​ സ്‌റ്റേഷനിൽ പൊലീസ് തങ്ങളെ മർദ്ദിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു.എന്നാൽ,​ വിദ്യാർത്ഥികൾക്കെതിരെ ചലച്ചിത്ര അക്കാഡമി പരാതി നൽകിയിട്ടില്ലെന്ന് ചെയർമാൻ രഞ്ജിത്ത് പറഞ്ഞു.പൊലീസ് ഇടപെട്ടതിന് അവരുടെതായ കാരണമുണ്ടാകാം.പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നത് അക്കാഡമിയുടെ നിലപാടല്ലെന്നും രഞ്ജിത്ത് പറഞ്ഞു.