തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കുശേഷം സിനിമയുടെ ഉള്ളടക്കം കൂടുതൽ ജനാധിപത്യമായി മാറിയതായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഉടമ സുപ്രിയ മേനോൻ പറഞ്ഞു.രാജ്യാന്തര ചലച്ചിത്ര മേളയിൽ സിനിമകളുടെ ഉള്ളടക്കവും വിതരണവും സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു സുപ്രിയ.
ഹൃദയത്തിന്റെ ഉള്ളിൽ തട്ടുന്ന കഥകൾ അവതരിപ്പിച്ചാൽ അത് ലോകം ഏറ്റെടുക്കുമെന്നും സിനിമ വിജയിക്കാൻ മറ്റൊരു സമവാക്യത്തിന്റെയും ആവശ്യമില്ലെന്നും സോണി ലിവ് കേരള കൺടെന്റ് ലീഡ് അന്നു സി.എം അഭിപ്രായപ്പെട്ടു. തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശങ്കർ രാമകൃഷ്ണൻ മോഡറേറ്ററായിരുന്നു.
അന്താരാഷ്ട്ര മേളകളിൽ ചർച്ച ചെയ്യുകയും ജനപ്രീതി നേടുകയും ചെയ്യുന്ന പല ചിത്രങ്ങൾക്കും തിയേറ്റർ, ഒ.ടി.ടു റിലീസുകളിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്നതായി ഇംപാക്ട് ഫിലിംസ് ഡിസ്ട്രിബ്യൂട്ടർ അശ്വനി കുമാർ പറഞ്ഞു. കൊവിഡ് പ്രതിസന്ധികളെ അടയാളപ്പെടുത്തി നിർമ്മിച്ച മികച്ച സിനിമകൾ ഉയർന്നു വന്നത് മലയാളത്തിൽ നിന്നാണെന്ന് മുബി ഏഷ്യൻ പ്രോഗാം ഡയറക്ടർ സ്വെറ്റ്ലാന നൗഡിയാൽ പറഞ്ഞു.