
മലയിൻകീഴ്: വിളവൂർക്കലിൽ പോക്സോ കേസിലും ബലാത്സംഗ കേസിലും പിടിയിലായ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കൾ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണെന്ന് തെളിവുകൾ ലഭിച്ചിട്ടും പൊലീസ് കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് അക്രമാസക്തമായി.പൊലീസ് ലാത്തി വീശി രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഒരു കോൺഗ്രസ് ഡി.സി.സി അംഗത്തിനും സാരമായ പരിക്കേറ്റു. യൂത്ത് കോൺഗ്രസ് നേതാക്കളായ അരവിന്ദ്,മഹേഷ്,ഡി.സി.സി അംഗം ജി.പങ്കജാക്ഷൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 7 ഓടെയാണ് സംഭവം. മലയിൻകീഴ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു.
റോഡിൽ കുത്തിയിരുന്ന പ്രവർത്തകർ പൊലീസിന് നേരെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു.മുദ്രാവാക്യം അതിര് കടന്നപ്പോൾ പിരിഞ്ഞ് പോകുന്നതിന് ലാത്തി വീശുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന് പൊലീസ് പറഞ്ഞു.
പ്രതിഷേധ മാർച്ച് കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.മാർക്സിറ്റ് പാർട്ടിയുടെ ശക്തമായ ഇടപെടലൽ കൊണ്ടാണ് വീഡിയോ ദ്യശ്യത്തെളിവുകൾ ലഭിച്ചിട്ടും പൊലീസ് കേസെടുക്കാത്തതെന്നും ലഹരിക്കെതിരെ അടുത്തിടെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിജ്ഞയെടുക്കൽ പരിപാടിക്ക് നേതൃത്വം കൊടുത്തവരാണ് ഇപ്പോൾ പീഡനക്കേസിൽ പിടിയിലായിട്ടുള്ളതെന്നും വേണുഗോപാൽ പറഞ്ഞു.
വിദ്യാലയങ്ങൾക്കുള്ളിൽ എസ്.എഫ്.ഐയും പുറത്ത് ഡി.വൈ.എഫ്.ഐയും വിചാരിച്ചാൽ ഒറ്റ ദിവസം കൊണ്ട് കേരളത്തിലെ ലഹരി വ്യാപനം തടയാനാകുമെന്നും വേണുഗോപാൽ പറഞ്ഞു.യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡാനിയേൽ പാപ്പനംകോട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നേമം ഷമീർ,നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എൻ.ഷാജി,മണ്ഡലം പ്രസിഡന്റ് അജേഷ്, നേതാക്കളായ പേയാട് ശശി, എം.ആർ.ബൈജു,ബാബുകുമാർ,എസ്.ശോഭനകുമാരി, ജി.പങ്കജാക്ഷൻ,എൽ.അനിത,അഫ്സൽ ബാലരാമപുരം,ചെറുകോട് ബിജു,അരവിന്ദ്,കിരൺദേവ്,വിളപ്പിൽ സജി എന്നിവർ സംസാരിച്ചു.