തിരുവനന്തപുരം:ലോക സിനിമയുടെ വസന്തോത്സവത്തിന് നാളെ സമാപനമാകും.വൈകിട്ട് 6ന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ഐ.എഫ്.എഫ്.കെയുടെ ഈ വർഷത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഹംഗേറിയൻ സംവിധായകൻ ബേല താർ സ്വീകരിക്കും.10 ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് അവാർഡ്.
ചലച്ചിത്രമേളയിൽ സുവർണ്ണ ചകോരം ഉൾപ്പെടെ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി പതിനൊന്ന് പുരസ്കാരങ്ങളുടെ പ്രഖ്യാപനവും വിതരണവും സമ്മേളനത്തിൽ നടക്കും. മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാര ചിത്രത്തിനുമുള്ള രജത ചകോരം, മികച്ച മത്സര ചിത്രത്തിനും മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം ,മികച്ച ഏഷ്യൻ സിനിമയ്ക്കും മലയാള ചിത്രത്തിനുമുള്ള നെറ്റ് പാക്ക് ,കെ.ആർ.മോഹനൻ എൻഡോവ്‌മെന്റ് എന്നിവയാണ് പ്രധാന പുരസ്കാരങ്ങൾ.
ഇന്ന് ഇന്ത്യൻ ചിത്രം കച്ചേയ് ലിംബു ഉൾപ്പെടെ 61 ചിത്രങ്ങൾ പ്രദർശിപ്പിക്കും.ലോക സിനിമയിലെ 27ചിത്രങ്ങൾ ഉൾപ്പെടെ 54 സിനിമകളുടെ അവസാന പ്രദർശനവും ഇന്നാണ്. മൂന്ന് പെൺകുട്ടികളുടെ കഥ പറയുന്ന ഗേൾപിക്ചർ,ഡാനിഷ് ചിത്രം ഗോഡ് ലാൻഡ്,അൽക്കാരസ്,കൊറിയൻ ചിത്രം റൈസ്‌ബോയ് സ്ലീപ്‌സ് തുടങ്ങിയ ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുന്നുണ്ട്. കൺസേൺഡ് സിറ്റിസൺ,കെർ ,എ പ്ലേസ് ഓഫ് അവർ ഓൺ, ടഗ് ഓഫ് വാർ,ഉതാമ, കൺവീനിയൻസ് സ്റ്റോർ എന്നീ മത്സരചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്നാണ്.
ഓസ്‌കാർ നോമിനേഷൻ കിട്ടിയ ഫ്രഞ്ച് ചിത്രം ക്ലോസ്, മലൗ റെയ്മൺ ചിത്രം അൺറൂളി,ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയും പുരുഷാധിപത്യവും ആധാരമാക്കിയ ഇറാനിയൻ ചിത്രം ലൈലാസ് ബ്രദേഴ്‌സ്,ഇന്റർനെറ്റ് പ്രതിഭാസമായ റൂൾ 34 നെ ആസ്പദമാക്കിയുള്ള ചിത്രം റൂൾ 34, പാം ഡി ഓർ ജേതാവ് റൂബൻ ഓസ്ലൻഡിന്റെ ആക്ഷേപഹാസ്യചിത്രം ട്രയാങ്കിൾ ഓഫ് സാഡ്‌നെസ് ,ട്യൂണീഷ്യൻ ചിത്രം ഹർഖ തുടങ്ങിയവയാണ് ഇന്ന് പ്രദർശിപ്പിക്കുന്ന ലോക സിനിമാ വിഭാഗത്തിലെ പ്രധാന ചിത്രങ്ങൾ.