baby

തിരുവനന്തപുരം: തീവ്ര വലതുപക്ഷ ശക്തികൾ രാജ്യത്ത് വിവിധ മേഖലയിൽ ശക്തി പ്രാപിക്കുന്നതിനെതിരെ സംഘടിതമായ ചെറുത്തുനിൽപ്പ് ഉയരണമെന്ന് സി.പി. എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. ഹൈദരാബാദ് ഒസ്മാനിയ സർവകലാശാലയിൽ മല്ലൂസ്വരാജ്യം നഗറിലെ അഭിമന്യു - ധീരജ് - അനീസ് ഖാൻ മഞ്ചിൽ (ടാഗോർ ഹാൾ ) എസ്.എഫ്‌.ഐ അഖിലേന്ത്യ സമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ശക്തമായ പ്രതിപക്ഷമില്ല. ഈ ഘട്ടത്തിൽ മറ്റ് ജനവിഭാഗങ്ങളുമായി ചേർന്നുള്ള പോരാട്ടം ശക്തമാക്കേണ്ടത് വിദ്യാർത്ഥി സമൂഹത്തിന്റെ കർത്തവ്യമാണെന്ന് എസ്.എഫ്‌.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റു കൂടിയായ ബേബി പറഞ്ഞു. സി.പി.എം പി.ബി അംഗം നീലോത്പൽ ബസു,​ പാർട്ടി ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടേറിയറ്റംഗം

വൈ.വി.റാവു, കെ.ഉമേഷ് (സി.ഐ.ടി.യു), മുരളീധരൻ (എൻ.പി.ആർ.ഡി), എൻ സുകന്യ (മഹിളാ അസോസിയേഷൻ), ഹിമാഗ്ന രാജ് ഭട്ടാചാര്യ(ഡി.വൈ.എഫ്‌.ഐ), വിക്രംസിംഗ് (കർഷക തൊഴിലാളി യൂണിയൻ), ശ്രീറാം നായക് (ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച്) എന്നിവരും സംസാരിച്ചു.അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് അവതരിപ്പിച്ച റിപ്പോർട്ടിൽ ചർച്ച ഇന്നും തുടരും.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യു.ജി.സിയെ സ്വതന്ത്രമായി പ്രവർത്തിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗ്രാന്റ് അനുവദിക്കാനുമുള്ള സാഹചര്യം നിലനിറുത്തണം. വിദ്യാർത്ഥികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കണം.സോഷ്യലിസ്റ്റ് പാതയിലേക്ക് മുന്നേറുന്ന ക്യൂബർ ജനതയ്ക്ക്

സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.