
മലയിൻകീഴ് : മാറനല്ലൂർ വെള്ളൂർക്കോണത്ത് കെ.എസ്.ആ.ടി.സി.ബസും മാരുതി ഓമ്‌നി വാനും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്കും കൂടെയുണ്ടായിരുന്നയാളിനും ഗുരുതര പരിക്കേറ്റു. കാട്ടാക്കട നാവെട്ടിക്കോണം ജി.എസ് ഭവനിൽ കിസ്‌കിയോവ്(45),കാട്ടാക്കട നന്ദാവനം പുല്ലുവിളാകത്ത് വീട്ടിൽ ബാബു(65)എന്നിവർക്കാണ് പരിക്കേറ്റത്. കാർ ഡ്രൈവർ കിസികിയോവിന്റെ രണ്ട് കാലുകൾക്കും തലയ്ക്കും ഗുരുതര പരിക്കുണ്ട്. കാട്ടാക്കട-ബാലരാമപുരം റോഡിൽ വെള്ളൂർക്കോണത്തിനു സമീപം ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം. കാട്ടാക്കട ഭാഗത്തുനിന്ന് കിഴക്കേകോട്ടയിലേക്ക് പോകുകയായിരുന്ന സിറ്റി ഷട്ടിൽ ബസിന്റെ മുൻ ഭാഗത്ത് ബാലരാമപുരം ഭാഗത്തു നിന്ന് വരികയായിരുന്ന മാരുതി ഓമ്‌നി വാൻ ഇടിച്ചു കയറുകയായിരുന്നു. സ്ഥലത്തെത്തിയ മാറനല്ലൂർ പൊലീസും നാട്ടുകാരും ചേർന്ന് ഓരാളെ പുറത്തെടുത്തെങ്കിലും ഡ്രൈവറെ പുറത്തെടുക്കാനായില്ല. തുടർന്ന് അര മണിക്കൂറിലേറെ പൊലീസും നാട്ടുകാരും ശ്രമിച്ചാണ് കുരുങ്ങിക്കിടന്ന കാർ മാറ്റി ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ രണ്ടുപേരെയും മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.