governor

തിരുവനന്തപുരം: നിയമസഭയുടെ പുതുവർഷ സമ്മേളനത്തിലെ ഗവർണറുടെ നയപ്രഖ്യാപനത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിറുത്തി സർക്കാർ.

ചൊവ്വാഴ്ച അവസാനിച്ച സഭയുടെ ഏഴാം സമ്മേളനം പിരിച്ചു വിടാതെ, ജനുവരി 23നോ 27നോ പുനരാരംഭിക്കുമെന്ന് സൂചനയുണ്ട്. അതിനാൽ ഇന്നലെ മന്ത്രിസഭായോഗം ഏഴാം സഭാസമ്മേളനം പിരിച്ചുവിട്ടതായി ഗവർണറെ അറിയിക്കുന്നതിൽ തീരുമാനമെടുത്തില്ല. ഇക്കാര്യം അജൻഡയിലുമുൾപ്പെടുത്തിയില്ല. എന്നാൽ, നയപ്രഖ്യാപനത്തിനാവശ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് നൽകാൻ അഡിഷണൽ ചീഫ്സെക്രട്ടറി ശാരദ മുരളീധരനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. നയപ്രഖ്യാപനം പാടേ ഉപേക്ഷിക്കുന്നില്ലെന്ന സൂചനയാണിതിലൂടെ നൽകിയത്.

നിയമസഭാസമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞാൽ മന്ത്രിസഭ കൂടി ആ സമ്മേളനം പിരിച്ചുവിട്ടതായി ഗവർണറെ അറിയിക്കണം. ഗവർണർ ഒപ്പുവച്ചശേഷം ഗസറ്റ് വിജ്ഞാപനം ഇറങ്ങണം. അതോടെയാണ് സമ്മേളനം ഔദ്യോഗികമായി അവസാനിക്കുക. അടുത്ത സമ്മേളനത്തിന് വീണ്ടും മന്ത്രിസഭ തീരുമാനിച്ച് ഗവർണറോട് ശുപാർശ ചെയ്യണം.

ചൊവ്വാഴ്ച അവസാനിച്ച സമ്മേളനം പിരിച്ചുവിടാൻ

ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കാതിരുന്നതോടെയാണ് പുതുവർഷ സമ്മേളനം നയപ്രഖ്യാപനത്തോടെ തുടങ്ങില്ലെന്ന വ്യാഖ്യാനമുണ്ടായത്.

ഒരു സമ്മേളനം പിരിച്ചുവിട്ടില്ലെങ്കിൽ ആറ് മാസത്തിനകം എപ്പോൾ വേണമെങ്കിലും തുടർസമ്മേളനം ചേരാൻ സ്പീക്കറോട് സർക്കാരിന് നിർദ്ദേശിക്കാം. പന്ത്രണ്ട് ദിവസത്തെ നോട്ടീസ് നൽകി അംഗങ്ങളെ സ്പീക്കർ അറിയിച്ചാൽ മതി. സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിച്ച് വിജ്ഞാപനം ഇറങ്ങാതിരിക്കുമ്പോൾ, പുതിയ ഓർഡിനൻസുകൾ മന്ത്രിസഭയ്‌ക്ക് പരിഗണിക്കാനാവില്ലെന്നേയുള്ളൂ.

സർക്കാരിന്റെ പുതിയ വർഷത്തെ നയമാണ് നിയമസഭയിൽ ഗവർണർ പ്രഖ്യാപിക്കേണ്ടത്. നയപ്രഖ്യാപനം മന്ത്രിസഭ അംഗീകരിച്ചാണ് ഗവർണർക്ക് സമർപ്പിക്കേണ്ടത്. അതിന്റെ കരട് തയാറാക്കാൻ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തണം. അതിലേക്ക് സർക്കാർ കടന്നിട്ടില്ലെങ്കിലും വിവരക്രോഡീകരണത്തിന് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയതോടെ നയപ്രഖ്യാപനം ഉപേക്ഷിച്ചില്ലെന്ന സൂചനയായി. നയപ്രഖ്യാപനമില്ലെങ്കിൽ, ധനമന്ത്രി അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ സർക്കാരിന്റെ നയങ്ങൾ വിശദീകരിച്ചേക്കും. ബഡ്‌ജറ്റ് അവതരിപ്പിച്ചാൽ പിന്നെ നയപ്രഖ്യാപനത്തിന് പ്രസക്തിയുമില്ല. എങ്കിലും അടുത്ത വർഷത്തെ പുതിയ സമ്മേളനത്തിൽ ഗവർണർ നയമവതരിപ്പിക്കേണ്ടി വരും.

ബഡ്‌ജറ്റ് 27ന്?

മാർച്ച് 31നകം പൂർണ ബഡ്ജറ്റ് പാസാക്കാനാണ് തീരുമാനമെങ്കിൽ, ജനുവരി 27ന് ബഡ്‌ജറ്റ് അവതരിപ്പിച്ചേക്കാം. ബഡ്‌ജറ്റിന്റെ പൊതുചർച്ച പൂർത്തിയാക്കി സഭ പിരിഞ്ഞ ശേഷം സബ്‌ജക്ട് കമ്മിറ്റി പരിശോധന തീർത്ത് ഫെബ്രുവരി അവസാനത്തോടെ വീണ്ടും ചേർന്ന് പൂർണ ബഡ്ജറ്റ് പാസാക്കും.

90ലും നയപ്രഖ്യാപനം

ഒഴിവാക്കി

1990ൽ നായനാർ സർക്കാരുമായി ഇടഞ്ഞ ഗവർണർ രാംദുലാരി സിൻഹയെ ഒഴിവാക്കാനാണ് മുമ്പ് നയപ്രഖ്യാപനം ഒഴിവാക്കിയത്. 1989 ഡിസംബർ 17ന് ആരംഭിച്ച സമ്മേളനം 90 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു. ഫെബ്രുവരിയിൽ രാംദുലാരി സിൻഹ മാറി പുതിയ ഗവർണർ വന്ന ശേഷം നയപ്രഖ്യാപനം അവതരിപ്പിച്ചു. കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റുകളിലേക്ക് സർക്കാർ നോമിനികളെ തഴഞ്ഞ് ഗവർണർ ചിലരെ നിയമിച്ചതിന്റെ പേരിലാണ് അന്ന് കൊമ്പുകോർത്തത്. 1989 ഫെബ്രുവരി രണ്ടിന് ഗവർണർക്കെതിരെ സഭ പ്രമേയവും പാസാക്കി.