
തിരുവനന്തപുരം: 2011 മുതൽ 2014 വരെ ജില്ലാ കളക്ടറായിരുന്ന കെ.എൻ. സതീഷ് തലസ്ഥാനത്തിന്റെ ജനകീയനായ കളക്ടർമാരിലൊരാളായിരുന്നു. റവന്യു വകുപ്പിൽ തഹസിൽദാറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹത്തിന് 2004ൽ ടൂറിസം വകുപ്പിൽ അഡിഷണൽ ഡയറക്ടറായിരിക്കെ ഐ.എ.എസ് ലഭിച്ചു. അവിടെ നിന്നാണ് സിവിൽ സർവീസ് ജീവിതത്തിന്റെ ആരംഭം. കണ്ണൂർ സ്വദേശിയായ അദ്ദേഹം അങ്ങനെ തിരുവനന്തപുരത്തുകാരനായി.
അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന പ്രവർത്തന മേഖലയും തലസ്ഥാനമായതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലും ഇവിടെയായിരുന്നു. ജില്ലയിലെ ആദിവാസി മേഖലയിൽ പട്ടയം വിതരണം സമയബന്ധിതമായി നിർവഹിച്ച കളക്ടറായിരുന്നു. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ നൂതന പദ്ധതികൾ, ജില്ലാ വികസന സമിതികൾ വഴി റോഡുകളുടെ നവീകരണവും പുനർനിർമ്മാണവും തുടങ്ങി ജനങ്ങളും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തതിന് ഏറ്റവുമധികം പദ്ധതികൾ ആവിഷ്കരിച്ച കളക്ടറായിരുന്നു അദ്ദേഹം. 2014ലാണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസറായി അദ്ദേഹത്തെ നിയമിച്ചത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരവും ഉടമസ്ഥാവകാശത്തിന്റെ പേരിലുള്ള സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ നിയമിതനായ ഓഫീസറായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ക്ഷേത്രത്തിൽ നിരവധി വികസനപ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ നടപ്പാക്കി. പദ്മനാഭ ക്ഷേത്രത്തിലെ മിത്രാനന്ദപുരം കുളത്തിന്റെ നവീകരണത്തിന് ചുക്കാൻ പിടിച്ചത് അന്ന് എക്‌സ്യുട്ടീവ് ഓഫീസറായിരുന്ന കെ.എൻ.സതീഷാണ്. 59 ദിവസം നവീകരണം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയായത്.
പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാറിന് മുകളിൽ മുണ്ടുടുക്കണമെന്ന ആചാരത്തിനെതിരെയും അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. ഭക്തജനങ്ങൾക്ക് വലിയ സുരക്ഷാ പ്രശ്നങ്ങളില്ലാതെ ദർശനം നടത്തി മടങ്ങാനുള്ള ക്രമീകരണങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചെയ്തിരുന്നു. പിന്നീട് ടൂറിസം വകുപ്പിന്റെ ഡയറക്ടറായ അദ്ദേഹം ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ തുടക്കകാലത്തെ ചെയർമാനുമായി. ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനെ വൻവിജയത്തിലെത്തിച്ച ചെയർമാനെന്ന ഖ്യാതിയും അദ്ദേഹത്തിന് ലഭിച്ചു. തുടർന്ന് കാസർകോട് കളക്ടറായി. ഹൗസിംഗ് ബോർഡ് സെക്രട്ടറി, വിദ്യഭ്യാസ വകുപ്പ് സെക്രട്ടറി, നിർമ്മിതി കേന്ദ്രം ഡയറക്ടർ, വ്യവസായ വകുപ്പ് സെക്രട്ടറി, ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റർ, രജിസ്‌ട്രേഷൻ ഐ.ജി, പാർലമെന്ററി കാര്യ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. സപ്ലൈക്കോ എം.ഡിയായാണ് അദ്ദേഹം വിരമിച്ചത്. കെ.എൻ. സതീഷിന്റെ സഹോദരിയെ പാലക്കാട് കവർച്ചയ്‌ക്കിടെ അക്രമി സംഘം കൊലപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം സ്വകാര്യ കമ്പനിയുടെ കൺസൾട്ടൻന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.