വിതുര: വിനോദ സഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊന്മുടി ഇന്ന് രാവിലെ നിയന്ത്രണങ്ങളോടെ തുറക്കും. ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ നിയന്ത്രണത്തെ തുടർന്ന് അടച്ചിട്ടിരുന്ന പൊന്മുടി രണ്ടരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ടൂറിസ്റ്റുകൾക്കായി തുറന്നുകൊടുക്കുന്നത്. ഇൗ വർഷം പ്രതികൂല കാലാവസ്ഥ നിമിത്തം ഏഴ് തവണയാണ് പൊന്മുടി അടച്ചിട്ടത്. രണ്ട് മാസം മുൻപ് കനത്ത മഴയെ തുടർന്ന് പൊന്മുടി പന്ത്രണ്ടാംവളവിന് സമീപം റോഡരിക് ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് സെപ്തംബറിലാണ് പൊന്മുടി അടച്ചത്. ഇതോടെ പൊന്മുടി നിവാസികൾ ഒറ്റപ്പെടുകയായിരുന്നു.
മന്ത്രി മുഹമ്മദ് റിയാസിന്റെയും, ഡി.കെ.മുരളി എം.എൽ.എയുടെയും ശ്രമഫലമായി യുദ്ധകാലാടിസ്ഥാനത്തിലാണ് റോഡ് പണി പൂർത്തീകരിച്ചത്. റോഡിന്റെ സംരക്ഷണഭിത്തി നിർമ്മാണപ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുവരികയാണ്. ഒരാഴ്ച മുൻപ് പൊന്മുടിയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചിരുന്നു.
പൊന്മുടി തുറക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. പൊന്മുടി തുറക്കൽ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി രണ്ടുതവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. റോഡ് പണി അടിയന്തരമായി പൂർത്തീകരിച്ച് പൊന്മുടി തുറക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ച മന്ത്രി പി.എ.മുഹമ്മദ് റിയാസിനും ഡി.കെ.മുരളി എം.എൽ.എയ്ക്കും പൊന്മുടി സംരക്ഷണസമിതി ഭാരവാഹികൾ നന്ദി പറഞ്ഞു.
കുളിരേകാൻ മഞ്ഞ്
പൊന്മുടി വനമേഖലയിൽ ഇപ്പോൾ ശക്തമായ മഴ പെയ്യുന്നുണ്ട്. കഠിനമായ മഞ്ഞുവീഴ്ചയുമുണ്ട്. മൂടൽമഞ്ഞിന്റെ ആധിക്യംമൂലം ശക്തമായ തണുപ്പും അനുഭവപ്പെടുന്നുണ്ട്. മഞ്ഞിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന പൊന്മുടിയിലേക്കുള്ള യാത്ര സഞ്ചാരികൾക്ക് ഒരു ആകാശയാത്രയുടെ ത്രിൽ സമ്മാനിക്കും.
സഞ്ചാരികൾ അധികൃതരുടെ
നിർദ്ദേശങ്ങൾ പാലിക്കുക
പൊന്മുടിയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ പൊന്മുടി കർമ്മസേന എന്ന പേരിൽ ഒരു പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ട്. സുരക്ഷിത വിനോദസഞ്ചാരം ഉറപ്പാക്കുന്നതിനും, സഞ്ചാരികൾക്കുള്ള മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും അടിയന്തര സാഹചര്യം ഉണ്ടായാൽ വിനോദസഞ്ചാരികളെ സഹായിക്കുന്നതിനും, സംരക്ഷിത വനപ്രദേശങ്ങളിലെ മാലിന്യനിക്ഷേപം നിയന്ത്രിക്കുക എന്നീ ഉദ്ദേശ്യങ്ങളോടുകൂടിയാണ് സേന രൂപീകരിച്ചതെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ഐ.പ്രദീപ് കുമാർ പറഞ്ഞു. പൊന്മുടി കർമ്മസേനയുടെ നിയന്ത്രണത്തിൽ, പൊലീസിന്റെ മേൽനോട്ടത്തോടെയാണ് സഞ്ചാരികളെ കയറ്റിവിടുന്നത്. സഞ്ചാരികൾക്ക് വനപാലകരും പൊലീസും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുവേണം സന്ദർശനം നടത്തേണ്ടത്.