വർക്കല: ചെറുന്നിയൂർ പഞ്ചായത്തിലെ കിടാവത്തുവിള ശാസ്താംനട റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങളായെന്ന് പരാതി. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം ടാർ ചെയ്ത 1.64 കിലോമീറ്റർ ദൂരത്തിലുള്ള റോഡിന്റെ അടങ്കൽ തുക 132 ലക്ഷമാണ്. കൂടാതെ അഞ്ച് വർഷത്തെ മെയിന്റനൻസ് ഇനത്തിൽ 12 ലക്ഷവും അനുവദിച്ചിരുന്നു. 2017 മെയിൽ നിർമ്മാണം തുടങ്ങി പാർശ്വഭിത്തിയും ടാറിംഗും ഉൾപ്പെടെ 2019 ജനുവരിയിൽ പൂർത്തിയാക്കി.
എന്നാൽ ആറ് മാസത്തിനകം ടാർ ഇളകി കുഴികൾ രൂപപ്പെട്ടു. മെയിന്റനൻസ് തുക ചെലവാക്കി വീണ്ടും കുഴികൾ അടച്ചെങ്കിലും "സൈക്കിൾ ട്യൂബിൽ പഞ്ചർ ഓട്ടിക്കുന്നത് പോലെയായി എന്ന ആക്ഷേപം ഉയർന്നു. ഈ റോഡിലൂടെ കാൽനട പോലും ദുരിതമാണ്.
നിലവാരമില്ലാത്ത ടാറിംഗ് വഴി ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന് കൈരളി ചാരിറ്റബിൾ ട്രസ്റ്റ് യോഗത്തിൽ അംഗങ്ങൾ ആരോപിച്ചു. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.