തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും സമരങ്ങൾ അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട ചർച്ച വിജയത്തിലെത്തക്കണമെന്ന് മന്ത്രിതല സമിതിക്ക് പാർട്ടി നിർദ്ദേശം. മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഒന്നാംഘട്ട ചർച്ച പരാജയപ്പെട്ടിരുന്നു.
കത്തിന്റെ ഉറവിടം കണ്ടെത്താൻ നിക്ഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും നഗരസഭയിലെ നിയമനങ്ങൾ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തുന്നത് സമയബന്ധിതമായി പരിശോധിക്കുമെന്നും മന്ത്രിമാർ ആദ്യമേ ഉറപ്പുനൽകിയിരുന്നു. എങ്കിലും മേയറുടെ രാജി ആവശ്യത്തിൽ സമവായത്തിലെത്താൻ കഴിയാത്തതാണ് ആദ്യചർച്ച പരാജയപ്പെടാൻ കാരണം. സമരം ഈ രീതിയിൽ തുടർന്നാൽ നഗരസഭയും അതുവഴി സർക്കാരും കൂടുതൽ പ്രതിരോധത്തിലാകുമെന്ന സാഹചര്യം മുന്നിൽക്കണ്ടാണ് ചർച്ച സമവായത്തിലെത്തിക്കണമെന്ന് പാർട്ടി നിർദ്ദേശം നൽകിയത്.
മുൻ മേയർ കൂടിയായ മന്ത്രി വി. ശിവൻകുട്ടിയെയാണ് ഇതിനായി പാർട്ടി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന സ്‌കൂൾ കലോത്സവുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കായി മന്ത്രി കോഴിക്കോട്ടു പോകുന്നതിന് മുമ്പായി ചർച്ച നടത്തുമെന്നാണ് സൂചന. വിഷയം ചർച്ച ചെയ്യാൻ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലും പ്രത്യേക യോഗം ചേർന്നിരുന്നു.
ചർച്ച നീട്ടിയതും
പാർട്ടിയുടെ നിർദ്ദേശം
പാർട്ടി കൃത്യമായി ചർച്ച ചെയ്‌തശേഷം മാത്രമേ സമരക്കാരുമായി മന്ത്രിമാർ ഇനി ചർച്ച നടത്തുകയുള്ളൂവെന്നാണ് റിപ്പോർട്ട്. ആദ്യ ചർച്ച പരാജയപ്പെട്ടശേഷം രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും ചർച്ച നടത്തുമെന്നു പറഞ്ഞത് മാറ്റിവയ്‌ക്കാൻ കാരണവും ഇതുതന്നെയാണ്.
മന്ത്രിമാരുടെ സമയക്രമം, നിയമസഭാ സമ്മേളനം എന്നിവ ചൂണ്ടിക്കാട്ടിയാണ് ചർച്ച നടത്താതിരുന്നത്. അതേസമയം രണ്ടാംഘട്ട ചർച്ച നീളുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഭരണസമിതിയും സർക്കാരും പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നാണ് ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും ആരോപണം.
പ്രതിഷേധങ്ങൾക്കിടെ ഇന്ന് വീണ്ടും
കൗൺസിൽ, പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
കത്ത് വിവാദത്തിലെ പ്രതിപക്ഷ സമരപരമ്പര നഗരസഭയിൽ ശക്തമാകുന്നതിനിടെ ഇന്ന് ഉച്ചയ്‌ക്ക് 2.30ന് നഗരസഭ കൗൺസിൽ നടക്കും. കഴിഞ്ഞ തവണ നടന്ന പൊതുകൗൺസിലും നിയമന വിവാദം ചർച്ചചെയ്യാൻ വിളിച്ച പ്രത്യേക കൗൺസിലും പ്രതിപക്ഷ സമരത്തെ തുടർന്ന് യുദ്ധക്കളമായി മാറിയിരുന്നു. മേയർ ആര്യാ രാജേന്ദ്രനും കത്ത് വിവാദത്തിൽ ആരോപണ വിധേയനായ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഡി.ആർ.അനിലും പങ്കെടുക്കുന്ന ഈ കൗൺസിലിലും പ്രതിഷേധം ശക്തമാക്കാനാണ് ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും തീരുമാനം.