f

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പൊതു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഐ.ക്യു ലെവൽ 70-84 വരെയുള്ള (പഠനവൈകല്യം) വിദ്യാർത്ഥികൾക്കും 2016ലെ ഭിന്നശേഷി അവകാശ നിയമം പതിനേഴാം വകുപ്പ് പ്രകാരമുള്ള പരീക്ഷാ സഹായങ്ങൾ അനുവദിക്കണമെന്ന് ഭിന്നശേഷി കമ്മിഷണർ എസ്.എച്ച് പഞ്ചാപകേശൻ ഉത്തരവിട്ടു. സ്ക്രൈബ്, അധിക സമയം എന്നിവ അനുവദിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.

നിലവിൽ 90-85 ഐ.ക്യു ലെവൽ വരെയുള്ള വിദ്യാർത്ഥികൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. അതിനു പകരം 84 വരെയുള്ള കുട്ടികളെകൂടി പരിഗണിച്ചാൽ നിരവധിപേർക്ക് ഗുണകരമാകുമെന്ന് ഉത്തരവിൽ പറയുന്നു. കഴിഞ്ഞവർഷം ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലും അക്കൊല്ലത്തേക്ക് മാത്രമായിരുന്നു. ഈ വർഷം ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് കമ്മിഷന്റെ നിർദ്ദേശം. കുട്ടികൾക്ക് വിജയിക്കാനാവശ്യമായ മോഡറേഷൻ (25 ശതമാനം) നൽകണമെന്നും നിർദ്ദേശിച്ചു.