തിരുവനന്തപുരം: കളക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്കിൽ നടന്ന കളക്ടറോടൊപ്പം പരാതി പരിഹാര അദാലത്തിൽ 320 പരാതികൾ ലഭിച്ചു. ഇതിൽ 109 എണ്ണം തീർപ്പാക്കി. ബാക്കിയുള്ളവ അടിയന്തരമായി തീർപ്പാക്കാൻ കളക്ടർ നിർദേശം നൽകി. കളക്ടറെ നേരിട്ട് കണ്ട് പരാതി പരിഹരിക്കാനായി നിരവധി ആളുകളാണ് എത്തിയത്. 18 പേർക്ക് റേഷൻ കാർഡുകളും 10 പേർക്ക് അവകാശ സർട്ടിഫിക്കറ്റുകളും നാല് തരംമാറ്റം ഉത്തരവുകളും 18 എൽ. ആർ. എം ഉത്തരവുകളും ഉൾപ്പെടെ 50 രേഖകൾ പരിപാടിയിൽ കളക്ടർ വിതരണം ചെയ്തു. വിഴിഞ്ഞം നാവായിക്കുളം റിംഗ്റോഡുമായി ബന്ധപ്പെട്ട 52 അപേക്ഷകളാണ് ലഭിച്ചത്. ഇവരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് കളക്ടർ പറഞ്ഞു. പട്ടയവുമായി ബന്ധപ്പെട്ട പരാതികളും മറ്റ് പരാതികളും താലൂക്ക്, സപ്ലൈ ഓഫീസ്,മുനിസിപ്പാലിറ്റി,പഞ്ചായത്ത് തുടങ്ങിയ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് തുടർ നടപടികൾക്കായി കൈമാറി.ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിൽ നടന്ന പരാതി പരിഹാര അദാലത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ.പി.സി,തഹസീൽദാർ,വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവരും പങ്കെടുത്തു.