
വിഴിഞ്ഞം: ആഴാകുളം - മുട്ടയ്ക്കാട് റോഡ് വീതി കൂട്ടാൻ സ്ഥലമേറ്റെടുക്കുന്നത് പൊന്നും വിലയ്ക്ക്. സ്ഥലം ഏറ്റെടുപ്പിന് സർവേ ചെയ്യാൻ വിജ്ഞാപനമായി. ആഴാകുളം, മുട്ടയ്ക്കാട്, പനങ്ങോട്, കാട്ടുകുളം, നെല്ലിവിള, തെറ്റിവിള റോഡുകളുടെ വികസനത്തിനായുള്ള സ്ഥലം പൊന്നും വിലയ്ക്ക് എടുക്കാൻ വേണ്ടി സർവേ ചെയ്യുന്നതിനായി സർക്കാർ ഉത്തരവിനായി ഗസറ്റ് വിജ്ഞാപനം ഇറക്കി. വെങ്ങാനൂർ, കല്ലിയൂർ വില്ലേജുകളിൽ നേരത്തെ തന്നെ പ്രസിദ്ധപ്പെടുത്തിയ സർവെ നമ്പരുകളിൽ പൊന്നും വിലയ്ക്ക് എടുക്കുന്ന സബ് ഡിവിഷൻ, വിസ്തീർണം എന്നിവ നിർണയിക്കുന്നതിന് സർവേ ചെയ്യുന്നതിനായി ആവശ്യമായ സഹായസഹകരണങ്ങൾ ചെയ്തു നൽകി എത്രയുംവേഗം ഈ റോഡുകളുടെ വികസനം യാഥാർത്ഥ്യമാക്കണമെന്ന് എം.വിൻസെന്റ് എം.എൽ.എ അഭ്യർത്ഥിച്ചു.
നടപടികളിങ്ങനെ
. വെള്ളായണി കായലിനെയും കേന്ദ്രമായ കോവളത്തെയും ബന്ധിപ്പിച്ചാണ് ആധുനികവത്കരിച്ച റോഡ് വരുന്നത്. നിലവിൽ ആഴാകുളത്തു നിന്ന് വെള്ളായണി കായലിലേക്ക് പോകുന്ന റോഡാണ് വീതി കൂട്ടാൻ നടപടികളായത്.
. ആഴാകുളം മുതൽ മുട്ടയ്ക്കാട് വരെ റോഡ് 12മീറ്റർ വീതിയിലും തുടർന്ന് തെറ്റിവിള വരെയുള്ള ഭാഗത്ത് 10 മീറ്റർ വീതിയിലുമാണ് നിലവിലുള്ള റോഡിനെ നവീകരണം നടത്തി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറയുന്നു.
. കേബിൾ, പൈപ്പ് ലൈൻ എന്നിവ സ്ഥാപിക്കുന്നതിനുള്ള ടക്ടുകളും നിർമ്മിക്കുന്നതോടൊപ്പം ഡ്രെയിനേജുകളും ഉണ്ടായിരിക്കും.
പദ്ധതിക്കുവേണ്ടി
# 7കിലോമീറ്ററിലായി പൂർത്തിയാക്കുന്നത് കിഫ്ബി മാനദണ്ഡമനുസരിച്ചുള്ള മാതൃകാ റോഡ്
# നവീകരിക്കുന്നത് ആഴാകുളം മുട്ടയ്ക്കാട് - പനങ്ങോട് കാട്ടുകുളം റോഡ്
# നിർമ്മിക്കുന്ന റോഡുകൾ പൂർണമായും റബറൈസ്ഡ്
# കോവളത്ത് എത്തുന്ന സഞ്ചാരികളെ വെള്ളായണി കായൽ പ്രദേശത്തേക്കു കൂടി ആകർഷിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി
# കിഫ്ബിയിൽ നിന്ന് ഏകദേശം35 കോടിയോളം രൂപ വകയിരുത്തിയിട്ടുള്ളതാണ് പദ്ധതി
#നടപ്പാത ടൈലുകൾ പാകി സൗന്ദര്യവത്കരിക്കും