irikkurinternship

തിരുവനന്തപുരം: ഒരു എം.എൽ.എ സ്വന്തം നാടിനോട് പെരുമാറുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഈ വിദ്യാർത്ഥികൾക്ക് കൃത്യമായ ഉത്തരമുണ്ട്. കാരണം, ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫിനൊപ്പം കഴിഞ്ഞ നാല് മാസമായി കൂടിയിരിക്കുകയാണ് അവർ. പഠന പരിശിലനത്തിന്.

പബ്ലിക് പോളിസി ഡെവലപ്മെന്റ് സ്റ്റഡീസിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ എട്ട് കുട്ടികൾ. 200 അപേക്ഷകരിൽ നിന്ന് അഭിമുഖ പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർ. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു എം.എൽ.എ വിദ്യാർത്ഥികൾക്കായി ഇങ്ങനെയൊരു പഠനപരിശീലന പരിപാടി ഒരുക്കുന്നത്.

വിദഗ്ദ്ധർ തയ്യാറാക്കിയ ശാസ്ത്രീയ പഠന പരിശീലന പരിപാടിയുടെ ഭാഗമായി ഏഴ് ദിവസം നീണ്ട, ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനും ഇവർ സാക്ഷികളായി. അതിനിടെ, ഗവർണർ, മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.എൽ.എമാർ എന്നിവരുമായെല്ലാം സംവദിച്ചു. സെപ്തംബറിൽ തുടങ്ങിയ പഠന പരിശീലനത്തിലെ എട്ട് പങ്കാളികളിൽ രണ്ട് പേർ കാസർകോട്ടും ഒരാൾ തൃശൂരിലും ഒരാൾ പാലക്കാട്ടും നിന്നാണ്. നാല് പേർ ഇരിക്കൂറുകാർ.

ഒരു മുനിസിപ്പാലിറ്റിയും എട്ട് പഞ്ചായത്തുകളും ചേർന്ന ഇരിക്കൂർ മണ്ഡലത്തിൽ ഓരോ പഞ്ചായത്തും ഓരോ വിദ്യാർത്ഥിക്കായി വിഭജിച്ച് നൽകി. അവരവിടെയെത്തി പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് എം.എൽ.എയ്ക്ക് റിപ്പോർട്ട് കൈമാറി. ശിശുഭവനുകൾ, അങ്കണവാടികൾ, വായനശാലകൾ, സ്കൂളുകൾ എന്നിവിടങ്ങളിലെല്ലാം കയറിയിറങ്ങി. ഗാന്ധിജയന്തി ദിനത്തിൽ ഫോർഗിവ്നെസ് ഇസ് ഹാപ്പിനെസ്സ് എന്ന പേരിൽ മണ്ഡലത്തിലെ 20 സ്കൂളുകളിലെ കുട്ടികളോട് സംവദിച്ചു. അവരെക്കൊണ്ട് കത്തുകളെഴുതിച്ചു. ഒരു ദിവസം എം.എൽ.എയ്ക്കൊപ്പം സഞ്ചരിച്ച് അദ്ദേഹം മണ്ഡലത്തിലെ ഓരോ വിഷയങ്ങളിലും ഇടപെടുന്ന രീതി അറിഞ്ഞു. ഒരു പട്ടികജാതി കോളനി തിരഞ്ഞെടുത്ത് അവിടെ ഒരു ദിവസം തങ്ങി. ഗ്രാമസഭ മുതൽ നിയമസഭ വരെയെന്ന ആശയ സാക്ഷാത്കാരമാണ് ലക്ഷ്യങ്ങളിലൊന്ന്.

നിയമസഭാ സമ്മേളനം അവസാനിച്ച ദിവസം എം.എൽ.എയ്ക്കൊപ്പം രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ്ഖാനോട് സംവദിച്ചു. ദിവസം ഏഴ് മണിക്കൂർ വരെ വായനയ്ക്കായി നീക്കിവയ്ക്കാറുള്ള സ്വാനുഭവം വിവരിച്ച ഗവർണർ, കുട്ടികളോട് വായിക്കാൻ ഉപദേശിച്ചു. ഈ സംരംഭത്തിന് മുൻകൈയെടുത്ത എം.എൽ.എയെ അഭിനന്ദിച്ചു. സ്പീക്കർ എ.എൻ. ഷംസീർ വിദ്യാത്ഥികൾക്ക് പേന സമ്മാനിച്ചു.

 ഇരിക്കൂറിൽ 470 കോടിയൃടെ നിക്ഷേപം

ഈ വിദ്യാർത്ഥികളുടെ മുൻകൈയിൽ മണ്ഡലത്തിൽ നടത്തിയ നിക്ഷേപ സംഗമത്തിൽ 470 കോടിയുടെ നിക്ഷേപമെത്തി. ഒരു മണ്ഡലത്തിൽ ഇങ്ങനെയൊന്ന് ആദ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ് നിയമസഭയിൽ എം.എൽ.എയെ അഭിനന്ദിച്ചു. പഠന പരിശീലനത്തിന് അഞ്ച് മേഖലകൾ നിശ്ചയിച്ചത് മണ്ഡലവാസികളും ശ്രീപെരുമ്പത്തൂർ രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർത്ഥികളുമായ വിദഗ്ദ്ധരുടെ സമിതിയാണ്. ടൂറിസം, കൃഷി, യുവജനം, വിദ്യാഭ്യാസം, കായികം എന്നിവയാണ് മേഖലകൾ

'നാല് മാസത്തെ ശാസ്ത്രീയ പരിശീലനമാണ്. സർട്ടിഫിക്കറ്റും നൽകും".

- സജീവ് ജോസഫ്, എം.എൽ.എ

'എം.എൽ.എയ്ക്കൊപ്പം നടന്ന് കാര്യങ്ങൾ മനസിലാക്കിയത് മികച്ച പഠനാനുഭവം".

- അമൂല്യ, വിദ്യാർത്ഥിനി