
തിരുവനന്തപുരം: സ്ത്രീ പീഡനം, കസ്റ്റഡി മരണം, പോക്സോ, കസ്റ്റഡി കൊല തുടങ്ങിയ ഗുരുതര ക്രിമിനൽ കേസുകളിലും ,അഴിമതിക്കേസുകളിലും പ്രതികളായ അറുപതോളം പൊലീസുകാരെ ഉടൻ പിരിച്ചു വിടും. ഇതിനുള്ള നടപടികൾ ആഭ്യന്തര വകുപ്പ്, പൊലീസ് ആസ്ഥാനം, ജില്ലാ പൊലീസ് ആസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ തുടങ്ങി.
പിരിച്ചു വിടൽ ഉത്തരവ് പഴുതടച്ചതാക്കാൻ ആഭ്യന്തര സെക്രട്ടറി ഡോ.വി.വേണു, കരട് ഉത്തരവ് നിയമ സെക്രട്ടറി വി.ഹരി നായർക്ക് കൈമാറി. നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി കുറ്റക്കാർ കോടതിയെ സമീപിച്ച് രക്ഷപ്പെടുന്നത് ഒഴിവാക്കാനാണിത്. പൊലീസിലെ ക്രിമിനലുകളെക്കുറിച്ച് ''ക്രിമിനൽത്തൊപ്പി"എന്ന പേരിൽ 'കേരളകൗമുദി" പരമ്പര പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി.
എസ്.ഐ റാങ്ക് വരെയുള്ളവരെ സംസ്ഥാന പൊലീസ് മേധാവിക്കും ,ജില്ലാ പൊലീസ് മേധാവിമാർക്കും പിരിച്ചുവിടാം. അതിനു മുകളിലുള്ളവർക്കെതിരേ ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കേണ്ടത്. ഓരോരുത്തരുടെയും കുറ്റകൃത്യങ്ങളും കോടതി നടപടികളും നേരിട്ട വകുപ്പുതല നടപടികളും വിലയിരുത്തിയാവും ഉത്തരവിറക്കുക. ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികളായവരെ, ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ പോലും സേനയ്ക്ക് അവമതിപ്പുണ്ടാക്കിയതിന് പിരിച്ചുവിടാനാവുമെന്ന് ഡി.ജി.പി ആഭ്യന്തര വകുപ്പിന് ശുപാർശ നൽകിയിരുന്നു. ഗുരുതര കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവരെ ഉടനടി പിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇതേത്തുടർന്ന് പൊലീസിലെ ക്രിമിനലുകളുടെ ജില്ല തിരിച്ചുള്ള പട്ടിക പൊലീസ് മേധാവി ആഭ്യന്തരസെക്രട്ടറിക്ക് കൈമാറുകയായിരുന്നു.
ഗുരുതര ക്രിമിനൽ,അഴിമതി കേസുകളിലെ പ്രതികളെയും റിമാൻഡിലാവുകയോ തടവുശിക്ഷ അനുഭവിക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരെയുമാവും പിരിച്ചുവിടുക.മാനഭംഗമടക്കം ആറ് കേസുകളിൽ പ്രതിയായ കോഴിക്കോട്ടെ കോസ്റ്റൽ പൊലീസ് സി.ഐ പി.ആർ.സുനുവും ലിസ്റ്റിലുണ്ട്.
പിരിച്ചുവിടാൻ നടപടികളേറെ
ഉദ്യോഗസ്ഥനെതിരേ അന്തിമമായി വകുപ്പുതല അന്വേഷണം നടത്തണം
പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകണം
അഭിഭാഷകനുമൊത്ത് ഹിയറിംഗിന് ഹാജരാവാൻ അവസരമൊരുക്കണം
സ്വന്തം ഭാഗം ബോധിപ്പിക്കാൻ തെളിവുകളും സാക്ഷികളെയും ഹാജരാക്കാം
828 ക്രിമിനൽ കേസ് പ്രതികൾ പൊലീസിൽ
18 ശിക്ഷിക്കപ്പെട്ടവരിൽ പിരിച്ചുവിട്ടവർ