
ബാലരാമപുരം: മാലിന്യക്കൂനയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ബാലരാമപുരം പഞ്ചായത്ത് പാർക്കിംഗ് ഏരിയയോടു ചേർന്ന കൊടിനട കച്ചേരിക്കുളത്തെ മാലിന്യക്കൂനയ്ക്കെതിരെയാണ് നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനും രംഗത്തുവന്നത്. പ്ലാസ്റ്റിക്ക് നിരോധിച്ചിട്ടും ടൺ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം രാപകലില്ലാതെ തള്ളുകയാണിവിടെ. മഴവെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകുന്നതിനാൽ പകർച്ചവ്യാധി പിടിപെടാനുള്ള സാദ്ധ്യതയുണ്ട്. കൂടാതെ കൊടിയ വിഷമുള്ള ഇഴജന്തുക്കളും ഇവിടുണ്ട്. സ്കൂൾ വിദ്യാർത്ഥികളുൾപ്പെടെ നിരവധി യാത്രക്കാരാണ് ഈ റോഡിലൂടെ ദിവസവും കടന്നുപോകുന്നത്. പ്രദേശം മാലിന്യക്കൂനയായി മാറിയിട്ട് വർഷങ്ങളായിട്ടും അധികൃതർക്ക് ഒരു മിണ്ടാട്ടവുമില്ല.
തെരുവുനായ്ക്കളുടെ സങ്കേതം കൂടിയാണ് ബാലരാമപുരം പാർക്കിംഗ് ഏരിയയും കച്ചേരിക്കുളവും. രാത്രികാലങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം കാരണം വഴിയാത്രക്കാരുടെ പരാതിയും വർദ്ധിച്ചു വരികയാണ്. ഓട നവീകരണത്തിന് വാർഡ് തലത്തിൽ അനുവദിക്കാറുള്ള ഫണ്ട് വിനിയോഗവും തടസപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് എൽ.എസ്.ജി.ഡി വിഭാഗവുമായി ചേർന്ന് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി കച്ചേരിക്കുളം അടിയന്തരമായി ശുചിയാക്കണമെന്നാണ് ആവശ്യം.
ഉപയോഗശൂന്യമായി ഒരേക്കറോളം ഭൂമി
പഞ്ചായത്ത് വക ഒരേക്കറോളം ഭൂമിയാണ് ഉപയോഗശൂന്യമായ നിലയിൽ തുടരുന്നത്. പഞ്ചായത്ത് മുൻ ഭരണസമിതി പകുതിയോളം സ്ഥലം ഏറ്റെടുത്ത് വൃത്തിയാക്കി പാർക്കിംഗ് ഏരിയയ്ക്ക് വിട്ടുനല്കിയിരുന്നു. എന്നാൽ ദൂരക്കൂടുതൽ കാരണം ദേശീയപാതയിലെത്തുന്ന ഒരു വാഹനവും ഇവിടെ പാർക്ക് ചെയ്യാറില്ല. കൊടിനട ടാക്സി സ്റ്റാൻഡിലെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതി നല്കിയെങ്കിലും കുത്തനെയുള്ള ഇറക്കവും അപകടസാദ്ധ്യതയും കാരണം പാർക്കിംഗ് ഏരിയ വിജനമായ നിലയിലാണ്.
പുറമ്പോക്ക് ഭൂമികൾ കൃഷിക്കായും...
പുറമ്പോക്ക് ഭൂമികൾ കാർഷിക ഭൂമിയാക്കി, പച്ചക്കറി വിളവെടുപ്പ് നടത്തുന്ന സംയോജിത കൃഷിരീതി ബാലരാമപുരം ബാങ്ക് നടപ്പാക്കി വരികയാണ്. പതിറ്റാണ്ടുകളായി തരിശായി കിടന്ന ബാലരാമപുരം സ്പിന്നിംഗ് മില്ലിലെ അഞ്ചര ഏക്കർ തരിശുഭൂമിയിലാണ് ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് സംയോജിത പച്ചക്കറി കൃഷി നടത്തുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണിത്. നാടിനെ കാർഷിക അഭിവൃദ്ധിയിലേക്ക് നയിക്കുന്ന പച്ചക്കറിത്തോട്ടമൊരുക്കിയാണ് മാതൃകാ കൃഷിരീതിക്കും ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് തുടക്കമിട്ടിരിക്കുന്നത്. ബാലരാമപുരം പഞ്ചായത്തിൽ തണ്ണീർത്തടവുമായി ചേർന്ന് ഏക്കർ കണക്കിന് അനാഥമായി കിടക്കുന്ന പുറമ്പോക്ക് ഭൂമി കൃഷിക്കായി വിനിയോഗിക്കണമെന്നാണ് കർഷക സമിതികളുടെ നിർദ്ദേശം. കാർഷികമേഖല പിന്നോട്ട് പോയതുകാരണം വി.എഫ്.സി.കെ വിപണികളിൽ ഉത്പാദനവും കുറിഞ്ഞിരിക്കുകയാണ്. കാലാവസ്ഥ പ്രതികൂലഘടകമായതും തിരിച്ചടിയായിട്ടുണ്ട്.