sivankutti

ആറ്റിങ്ങൽ: തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. പുത്തൻ കോഴ്‌സുകൾ തുടങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമ്മിച്ച ബഹുനില ഹൈടെക്ക് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മൂന്ന് നിലകളിലായി 13 ക്ലാസ് മുറികളോട് കൂടിയാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. സ്മാർട്ട് ക്ലാസ് റൂമുകളാണ് നിർമ്മിച്ചത്. 13 ക്ലാസ് മുറികൾ, രണ്ട് ഹാളുകൾ, ഒരു സ്റ്റാഫ്‌ റൂം, ഓരോ നിലയിലും ടോയ്‌ലെറ്റുകൾ എന്നിങ്ങനെ മികച്ച സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിലുള്ളത്. മൂന്നരക്കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയായി 1896 വിദ്യാർത്ഥിനികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.