
മലയിൻകീഴ് : നവോത്ഥാന നായകരിലൊരാളായ ചട്ടമ്പി സ്വാമിയുടെ സ്മാരണാർത്ഥം മലയിൻകീഴ് മച്ചേൽ കുളങ്ങരക്കോണത്തെ അദ്ദേഹത്തിന്റെ മാതൃഭവനമായ പൊന്നിയത്ത് തറവാട് ചട്ടമ്പി സ്വാമി സ്മാരകമായി സംരക്ഷിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി ഐ.ബി.സതീഷ് എം.എൽ.എയെ മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ചട്ടമ്പി സ്വാമി സ്മാരക നിർമ്മാണത്തിനായി 24 സെന്റ് ഭൂമിയും അതിലെ വീടും റവന്യൂ വകുപ്പ് മുഖേന ഏറ്റെടുക്കുന്നതിന് കഴിഞ്ഞ വർഷം ഭരണാനുമതി നൽകിയിരുന്നു. ചട്ടമ്പി സ്വാമിയുടെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം തറവാട് സ്ഥിതിചെയ്യുന്ന മുഴുവൻ സ്ഥലവും ഏറ്റെടുക്കാൻ പുതുക്കിയ ഭരണാനുമതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 32 സെന്റ് ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി എം.എൽ.എ അറിയിച്ചു. ഭൂമിയുടെ ന്യായവില കണക്കാക്കി പൊന്നും വിലയായ 33 ലക്ഷം രൂപ അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്പെഷ്യൽ തഹസിൽദാർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചതായി എം.എൽ.എ പറഞ്ഞു.