
തിരുവനന്തപുരം: കനത്ത മൂടൽമഞ്ഞിൽ റൺവേ കാണാനാവാതെ മറ്റ് ചില എയർപോർട്ടുകളിൽ ലാൻഡിംഗ് പ്രതിസന്ധിയിലായ വിമാനങ്ങൾക്ക് സുരക്ഷിത ലാൻഡിംഗിന് വഴിയൊരുക്കി തിരുവനന്തപുരം വിമാനത്താവളം. ഏത് പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായി ലാൻഡിംഗിന് പറ്റിയ റൺവേയാണ് തിരുവനന്തപുരത്തേത്. കഴിഞ്ഞദിവസങ്ങളിൽ 5വിമാനങ്ങളാണ് കൊച്ചി, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്. അബുദാബി,ചെന്നൈ,ബഹ്റിൻ,ദോഹ,ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ട് തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത്.
മഴയത്തും മൂടൽമഞ്ഞിലും കാഴ്ചക്കുറവുള്ളപ്പോഴും സുരക്ഷിതമായി ലാൻഡിംഗ് നടത്താനാവുന്ന അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം 5.83കോടി ചെലവിൽ വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ റൺവേയിൽ നിന്ന് തെന്നിമാറിയുള്ള അപകടങ്ങളും കാഴ്ചപരിധി കുറഞ്ഞ് വിമാനം വഴിതിരിച്ചു വിടുന്നതു മൂലമുള്ള സാമ്പത്തിക- സമയ നഷ്ടവും ഒഴിവായി.
അന്താരാഷ്ട്ര വിമാനങ്ങളുടെ ലാൻഡിംഗ് നടക്കുന്ന വള്ളക്കടവ് ഭാഗത്തെ റൺവേ-32ൽ ആണ് ലൈറ്റിംഗ് സംവിധാനമൊരുക്കിയത്. നേരത്തേ 800മീറ്റർ കാഴ്ചപരിധിയുണ്ടെങ്കിലേ ഇറക്കാനാവുമായിരുന്നുള്ളൂ. പുതിയ ലൈറ്റിംഗ് സംവിധാനം വന്നതോടെ കാഴ്ചപരിധി 550മീറ്റർ വരെ താണാലും ലാൻഡിംഗ് സാദ്ധ്യമാവും.
 പുതുക്കിപ്പണിഞ്ഞ റൺവേ
3373മീറ്റർ നീളവും 150 അടി വീതിയുമുള്ളതാണ് തിരുവനന്തപുരത്തെ റൺവേ. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരം 2015ൽ റൺവേ റീ-കാർപ്പെറ്റിംഗ് നടത്തിയിരുന്നു. 191രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലെ അതേ നിലവാരത്തിലാണ് റൺവേ പുതുക്കിയത്. ഗുണമന്മേയേറിയ ബിറ്റുമിൻ, മെറ്റൽ എന്നിവയ്ക്കൊപ്പം രാസപദാർത്ഥങ്ങളും കൂട്ടിച്ചേർത്താണ് മൂന്ന് പാളിയായി റൺവേ റീ കാർപ്പറ്റിംഗ് നടത്തിയത്. 15 വർഷത്തേക്ക് ഒരു വിള്ളൽപോലുമുണ്ടാകാത്ത തരത്തിലാണിത്.