
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കേറ്രംഗങ്ങൾ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ച 'വേണ്ടപ്പെട്ടവരെ' ഒഴിവാക്കി പി.എസ്.സിയുടെ സർവകലാശാലാ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നോ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ നിന്നോ താത്കാലിക ജീവനക്കാരെ നിയമിക്കാൻ ഗവർണർ വി.സിക്ക് നിർദ്ദേശം നൽകും. കാലിക്കറ്റ് സർവകലാശാലയിൽ സമാനമായ ക്രമക്കേടുണ്ടായപ്പോൾ, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് താത്പര്യമുള്ളവരെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പി.എസ്.സി റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരെ നിയമിക്കുന്നതാണ് ഉചിതമെന്നാണ് ഗവർണറുടെ നിലപാട്.
ഇ-ഗവേണൻസ് സപ്പോർട്ട് സ്റ്റാഫ് അടക്കം സാങ്കേതിക പരിജ്ഞാനം വേണ്ട തസ്തികകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താം. നേതാക്കളുടെ ബന്ധുക്കൾക്കും സിൻഡിക്കേറ്റംഗങ്ങളുടെ അയൽക്കാർക്കും വേണ്ടപ്പെട്ടവർക്കുമായി നടത്തിയ 'നിയമന മേള' കേരളകൗമുദിയാണ് പുറത്തുകൊണ്ടുവന്നത്. ക്രമവിരുദ്ധമായ നിയമനങ്ങൾ നടന്നതായി സ്ഥിരീകരിച്ച് വൈസ് ചാൻസലർ പ്രൊഫ.സിസാതോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
അതിനാൽ വാഴ്സിറ്രിയുടെ വിശദീകരണം തേടാതെ ഗവർണർക്ക് ഇനി നടപടിയെടുക്കാം. നിയമനത്തിനിറക്കിയ വിജ്ഞാപനം അസാധുവായി പ്രഖ്യാപിക്കാനാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം. ഇതോടെ, ക്രമവിരുദ്ധ നിയമനങ്ങളെല്ലാം റദ്ദാകും. വീണ്ടും 100പേരെക്കൂടി നിയമിക്കാനുള്ള നീക്കവും ഗവർണർ തടയും.