
തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളുടെ വില്പന ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ആസൂണത്രണത്തോടെയും പ്രൊഫഷണലിസത്തോടെയും പ്രവർത്തിപ്പിച്ചാൽ അവ നാടിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. സെന്റർ ഫോർ ഡെവലപ്‌മെന്റ് ഒഫ് ഇമേജിംഗ് ടെക്‌നോളജിയുടെ (സി.ഡിറ്റ്) 35-ാം സ്ഥാപക ദിനാഘോഷം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലയുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാരിന് പ്രത്യേക നയമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 25 പൊതുമേഖലാസ്ഥാപനങ്ങൾ ലാഭത്തിലായത് ഇതിന്റെ ഫലമാണ്. സി.ഡിറ്റും ടെക്നോപാർക്കും ഇടതുപക്ഷ സർക്കാരാണ് ആരംഭിച്ചത്. ആറര വർഷം കൊണ്ട് ഐ.ടി രംഗത്തുണ്ടായ മാറ്റം ഇടതുപക്ഷത്തിന്റെ നൂതന വ്യവസായങ്ങളോടുള്ള സമീപനത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്‌പീക്കർ എ.എൻ. ഷംസീർ അദ്ധ്യക്ഷ വഹിച്ചു. ഐ.ടി സെക്രട്ടറി രത്തൻ യു. ഖേൽക്കർ മുഖ്യപ്രഭാഷണം നടത്തി. സി. ഡിറ്റ് ഡയറക്ടർ ജി. ജയരാജ്, രജിസ്ട്രാർ ജയദേവ് ആനന്ദ് എന്നിവർ പങ്കെടുത്തു.
സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എക്സിബിഷനും നവീകരിച്ച വെബ്‌സൈറ്റും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വേഗമേറിയ ലോകത്തിനൊപ്പം സഞ്ചരിച്ചില്ലെങ്കിൽ സാങ്കേതിക വിദ്യയും സ്ഥാപനങ്ങളും കാലഹരണപ്പെടുമെന്ന് മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പാളയം രാജൻ ചടങ്ങിൽ സംസാരിച്ചു.