തിരുവനന്തപുരം: വ്യത്യസ്ത ഇടങ്ങളിൽ നിന്ന് വ്യത്യസ്ത കാഴ്ചകൾ കണ്ട് കാൻവാസിലേക്ക് പകർത്തിയവർ ഒരുമിച്ച് ഒരിടത്ത് ഒത്തുകൂടിയത് കലാപ്രേമികൾക്ക് കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചയായി. വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കേരള ലളിത കലാ അക്കാഡമി ആർട്ട് ഗാലറിയിൽ ബി.കെ.എസ്.അനോഖിയും, കലാമിത്ര ഫൗഡേഷനും സംയുക്തമായി വിവിട് ഹ്യൂസ് എന്ന പേരിൽ നടത്തുന്ന ചിത്ര, ശില്പ കലാ പ്രദർശനമാണ് ശ്രദ്ധേയമാകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 20 കലാകാരന്മാരാണ് യാത്രയ്ക്കിടെ കണ്ണിൽ പതിഞ്ഞ ദൃശ്യങ്ങൾ കാൻവാസിലേയ്ക്ക് മാറ്റിയത്. 80 ലധികം സൃഷ്ടികളാണ് ഈ ട്രാവൽ ആർട്ട് ഷോയിലുള്ളത്.അതിൽ മൂന്നു പേർ കാഴ്ചകളെ ശില്പങ്ങളായും മാറ്റി.കല്ല്, മരം, സ്റ്റീൽ എന്നിവ കൊണ്ടാണ് ശില്പങ്ങൾ നിർമ്മിച്ചിരിക്കുന്നത്.പ്രദർശനത്തിന്റെ ഉദ്ഘാടനം ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും തിയേറ്റർ ആർട്ടിസ്റ്റുമായ ഹരി വർമ്മ, കെ.യു.ഡബ്ളിയു.ജെ ജനറൽ സെക്രട്ടറി കിരൺബാബു, സംസ്കാർ ഭാരതിയുടെ ദക്ഷിണ ക്ഷേത്ര പ്രമുഖ് തിരൂർ രവീന്ദ്രൻ, ജോൺ ജോസഫ്, മോഹനൻ വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു. പ്രദർശനം 19ന് വൈകിട്ട് 7ന് സമാപിക്കും.