തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരായ സമരം കേരളത്തിലാകെ വ്യാപിപ്പിക്കുമെന്ന് കെ.പി.സി സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ പറഞ്ഞു. നഗരസഭയിലെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ യു.ഡി.എഫ് നടത്തുന്ന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ എം.എ. വാഹിദ്,നെയ്യാറ്റിൻകര സനൽ, പി. കെ.വേണുഗോപാൽ,എസ്.കെ. അശോക് കുമാർ, മാരായമുട്ടം സുരേഷ്, വിനോദ് സെൻ,ശ്രീധരൻ നായർ, കക്കാട് രാമചന്ദ്രൻ നായർ, എം.ആർ. സൈമൺ, വട്ടവിള വിജയൻ, ബനഡിക്ട്, ജോസ് ഫ്രാങ്ക്ളിൻ, പ്രാണ കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇന്നലത്തെ സമരത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് ചെറിയ സംഘർഷത്തിന് ഇടയാക്കി. ഇതിൽ പ്രതിഷേധിച്ച് ഉച്ചയ്ക്ക് കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസിലേക്ക് കരിങ്കൊടി പ്രകടനവും നടത്തി. കോർപ്പറേഷൻ ഓഫീസിലെ കൊടിമരത്തിൽ കൗൺസിലർ ആക്കുളം സുരേഷ് സാഹസികമായി കയറി കരിങ്കൊടി കെട്ടി. പദ്മകുമാർ, ജോൺസൻ ജോസഫ്, മേരി പുഷ്പം പി.ശ്യാംകുമാർ, വനജ രാജേന്ദ്രബാബു, മിലാനി പെരേര, ഓമന, സതീദേവി, സെറാഫിൻഫ്രഡി തുടങ്ങിയവർ കരിങ്കൊടി പ്രകടനത്തിന് നേതൃത്വം നൽകി. ഇന്ന് വർക്കലയിലെ യു.ഡി.എഫ് പ്രവർത്തകർ സമരത്തിന് നേതൃത്വം നൽകും.
യു.ഡി.എഫ് കൗൺസിലർമാർക്ക് ഡെപ്യൂട്ടി മേയർ
പി.കെ. രാജുവിന്റെ വക്കീൽ നോട്ടീസ്
ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെയും, പ്രദർശന ബോർഡുകളിലൂടെയും അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് കൗൺസിലർമാർക്ക് ഡെപ്യൂട്ടി മേയർ വക്കീൽ നോട്ടീസ് അയച്ചു. തന്നെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ മ്യൂസിയം പൊലീസിൽ വ്യാജപരാതിയും കൗൺസിലർമാർ നൽകി. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മാനഷ്ടത്തിന് നോട്ടീസ് നൽകിയത്. അഡ്വ: കെ.ബിജുലാൽ മുഖേന 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാരായ പി.പദ്മകുമാറിനും മേരി
പുഷ്‌പത്തിനുമെതിരെ മാനനഷ്ടത്തിന് ഡെപ്യൂട്ടി മേയർ വക്കീൽ നോട്ടീസ് അയച്ചത്.