
കല്ലമ്പലം: വിവിധ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ കരവാരം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.കെ.പി.സി.സി സെക്രട്ടറി അഡ്വ.ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു.തോട്ടയ്ക്കാട് മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചാങ്ങാട് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ഭരണസമിതിയിലെ ഭരണകക്ഷി അംഗങ്ങളിലെ അഭിപ്രായ വ്യത്യാസവും, പടലപ്പിണക്കവും പഞ്ചായത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണെന്നും പഞ്ചായത്തിന്റെ ദൈനംദിന ആവശ്യങ്ങളിൽ ഇടപെടുന്നതിൽ ഭരണസമിതിയുടെ ഭാഗത്തു നിന്ന് വലിയ വീഴ്ചയാണ് ഉണ്ടാകുന്നതെന്നും കോൺഗ്രസ് ഭാരവാഹികൾ ആരോപിച്ചു. വഞ്ചിയൂർ ജംഗ്ഷനിലെ ആധുനിക രീതിയിലുള്ള അറവുശാല പോലെയുള്ള പദ്ധതികൾ പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ കഴിയാത്തത് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ കൊണ്ടാണെന്നും പഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിൽ വേണ്ടത്ര ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം ലഭ്യമാക്കുന്നതിനും ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ഓണത്തിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കല്ലമ്പലം ജംഗ്ഷനിൽ നടത്തിയ ഹരിത ഹൃദയ ഓണം ഫെസ്റ്റിന്റെ കണക്കുകൾ പുറത്തുവിടാൻ ഭരണസമിതി തയാറാകണമെന്നും പഞ്ചായത്തിൽ സ്ഥാപിക്കാൻ ഒരുങ്ങുന്ന ശുചിമുറി മാലിന്യപ്ലാന്റ് പദ്ധതി നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ. ഗാംഗാധര തിലകൻ,കരവാരം മണ്ഡലം പ്രസിഡന്റ് ജാബിർ.എസ്, ഡി.സി.സി മെമ്പർ എം.കെ. ജ്യോതി,മണിലാൽ സഹദേവൻ,ജെ.സുരേന്ദ്രകുറുപ്പ്,ഇന്ദിര സുദർശൻ,നിസ്സാം തോട്ടയ്ക്കാട് തുടങ്ങിയവർ പങ്കെടുത്തു.