
21ന് സംഗീത കോളേജിൽ മന്ത്രി ആർ. ബിന്ദു അനാച്ഛാദനം ചെയ്യും
തിരുവനന്തപുരം: ശുദ്ധസംഗീതം അലിഞ്ഞുചേർന്ന തൈക്കാട് ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ 21ന് സ്വാതി തിരുനാളിന്റെ അർദ്ധകായപ്രതിമ മന്ത്രി ഡോ.ആർ. ബിന്ദു അനാച്ഛാദനം ചെയ്യുമ്പോൾ സഫലമാകുന്നത് വർഷങ്ങൾ നീണ്ട സ്വപ്‌നം. നിരവധി സംഗീതപ്രതിഭകൾ പഠിച്ചിറങ്ങിയ കലാലയം 1939ൽ ചിത്തിര തിരുനാൾ ബാലരാമവർമ്മയാണ് സ്ഥാപിച്ചത്.
അന്ന് സംഗീത അക്കാഡമി എന്നറിയപ്പെട്ടെങ്കിലും 1962ൽ സ്വാതി തിരുനാളിന്റെ പേര് നൽകി. സംഗീതലോകത്ത് തന്റെ കൃതികളിലൂടെ സംഭാവന നൽകിയ സ്വാതി തിരുനാളിന് ഒരു പ്രതിമ സ്ഥാപിക്കണമെന്നത് പൂർവ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സ്വപ്‌നമായിരുന്നു. പ്രതിമയ്‌ക്കായുള്ള ധനസമാഹാരം നടക്കാത്തതാണ് പ്രതിമ സ്ഥാപിക്കാൻ വൈകിയതെന്ന് സംഗീത കോളേജ് പ്രിൻസിപ്പൽ പ്രൊഫ.വീണ.വി.ആർ പറഞ്ഞു. കോളേജ് മുൻ പ്രിൻസിപ്പൽ ആർ. ഹരികൃഷ്‌ണന്റെയും സഹപ്രവർത്തകരുടെയും ഉത്സാഹമാണ് പ്രതിമ യാഥാർത്ഥ്യമാകാൻ കാരണം . 8 ലക്ഷമാണ് ആകെയുള്ള ചെലവ്. ഇതിൽ 5 ലക്ഷം നൽകിയത് നടൻ സുരേഷ് ഗോപിയാണ്.
സിദ്ധന് ഒരു പൊൻതൂവൽ കൂടെ.
സ്വാതി തിരുനാളിന്റെ വെങ്കല പ്രതിമയ്ക്ക് പിന്നിലെ കരങ്ങൾ മണക്കാട് കമലേശ്വരം സ്വദേശി കെ.എസ്.സിദ്ധന്റേതാണ്. മാനവീയം വീഥിയിൽ വയലാർ രാമവർമ്മ, ജി.ദേവരാജൻ, പൂജപ്പുരയിൽ പി.എൻ.പണിക്കർ എന്നിവരുടെ പ്രതിമ മുതൽ രാഷ്ട്രീയ നേതാക്കളായ കെ.കരുണാകരൻ, ആർ.ശങ്കർ എന്നിവരുടെ പ്രതിമകൾ പണിത സിദ്ധന് സ്വാതി തിരുനാൾ പ്രതിമ നിർമ്മിക്കാൻ സാധിച്ചതിൽ അളവറ്റ സന്തോഷമാണ്. കൊവിഡ് കാലത്താണ് സംഗീത കോളേജിന്റെ മുൻ പ്രിൻസിപ്പലായിരുന്ന ആർ. ഹരികൃഷ്‌ണന്റെ നിർദ്ദേശ പ്രകാരമാണ് പ്രതിമ നിർമ്മിക്കാൻ ആരംഭിച്ചത്. പൂർത്തിയാക്കാൻ മൂന്ന് വർഷമെടുത്തു. സ്വാതി തിരുനാളിന്റെ എണ്ണച്ഛായ ചിത്രവും തയ്യാറാക്കുന്നുണ്ട്.