
ഇടുക്കി- കൊച്ചി റൂട്ടിൽ പുതുക്കിയത് 20 പെർമിറ്റ്
തിരുവനന്തപുരം: കാലാവധി തീരുന്ന മുറയ്ക്ക് സ്വകാര്യ ബസുകളുടെ ദീർഘദൂര സർവീസ് പെർമിറ്റ് കെ.എസ്.ആർ.ടി.സിക്ക് കൈമാറണമെന്ന സുപ്രീംകോടതി വിധി അട്ടിമറിച്ച് വ്യാപകമായി കാലാവധി നീട്ടി നൽകാൻ ഗതാഗത വകുപ്പിന്റെ നീക്കം. കെ.എസ്.ആർ.ടി.സിക്ക് ആവശ്യത്തിന് ബസുകളില്ലെന്ന ന്യായം പറഞ്ഞാണ് ഒത്തുകളി. ഇടുക്കി- കൊച്ചി റൂട്ടിൽ 20 സ്വകാര്യ ബസുകൾക്ക് കഴിഞ്ഞ മാസം പെർമിറ്റ് നീട്ടി നൽകിയിരുന്നു. വരുംമാസങ്ങളിൽ കാലാവധി തീരുന്ന 80 ബസുകളുടെ പെർമിറ്റ് കൂടി നീട്ടി നൽകാനും നീക്കമുണ്ട്. മറ്റു ചില റൂട്ടുകളിലും സമാന രീതി നടപ്പാക്കാനാണ് ശ്രമം. കൊച്ചി, മലബാർ മേഖലകളിലെ സ്വകാര്യ ബസുടമകൾ പെർമിറ്റ് നീട്ടണമെന്ന ആവശ്യവുമായി ഗതാഗത വകുപ്പിനെ സമീപിച്ചു കഴിഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സിക്ക് ഈ പെർമിറ്റുകൾ ലഭിച്ചാൽ നേട്ടം ഉണ്ടാകുമായിരുന്നു. അതേസമയം, സ്വിഫ്ടിനു വേണ്ടി കിഫ്ബി വായ്പയുടെ ആദ്യഘട്ടമായി ലഭിച്ച 359 കോടി ഉപയോഗിച്ച് 600 ഡീസൽ ബസുകളും 179 ഇലക്ട്രിക് ബസുകളും വാങ്ങാനുള്ള നടപടികൾ വൈകുകയാണ്. ഇതും പുതിയ ദീർഘദൂര സർവീസുകൾ ഏറ്റെടുക്കാതിരിക്കുന്നതിന് കാരണമായി. സെപ്തംബറിൽ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിൽ എത്തിയിരുന്നു.
ഇടുക്കി- കൊച്ചി
റൂട്ടിലെ കള്ളക്കളി
ഒക്ടോബറിൽ ഇടുക്കി- കൊച്ചി റൂട്ടിൽ 20 സ്വകാര്യ ബസുകളുടെ പെർമിറ്ര് കാലാവധി തീർന്നപ്പോൾ ഗതാഗത വകുപ്പ് പുതുക്കി നൽകിയില്ല. അതോടെ റൂട്ടിൽ യാത്രാക്ളേശം രൂക്ഷമായത് വിവാദത്തിന് ഇടയാക്കി. ആവശ്യത്തിന് ബസില്ലെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. സ്വകാര്യ ബസുകൾക്ക് പെർമിറ്റ് കാലാവധി നീട്ടിക്കൊടുക്കുകയാണ് പ്രതിവിധിയെന്ന് വരുത്തിതീർത്ത് നടപടി എടുത്തു.