medisep

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസമാകുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച മെഡിസെപ് പദ്ധതിയെക്കുറിച്ചുള്ള പരാതികൾക്കും ആശയക്കുഴപ്പത്തിനും ആറുമാസം കഴിഞ്ഞിട്ടും പരിഹാരം കണ്ടെത്താനായില്ല. പ്രമുഖ ആശുപത്രികളില്ലെന്നതിന് പുറമെ കരാറിൽ ഒപ്പുവച്ച ആശുപത്രികൾ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നാണ് പരാതി. മാർഗരേഖയിൽ പറയുന്ന എല്ലാ രോഗങ്ങൾക്കും ചികിത്സ ലഭ്യമാക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. പാക്കേജിന്റ പേരിൽ ഭാഗികമായ പരിരക്ഷ മാത്രം നൽകുന്ന ആശുപത്രികളും ഉണ്ടത്രേ. രോഗിക്ക് ലഭിക്കേണ്ട ചികിത്സകളിൽ പലതും പാക്കേജിൽ ഉൾപ്പെടുന്നില്ലെന്ന് പറഞ്ഞ് ചികിത്സാ ചെലവിന്റെ നല്ലൊരു ഭാഗം രോഗികളിൽ നിന്ന് ഈടാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സെക്രട്ടേറിയറ്റിലടക്കം ആയിരക്കണക്കിന് ജീവനക്കാരും നല്ലൊരുവിഭാഗം പെൻഷൻകാരുമുള്ള തിരുവനന്തപുരം ജില്ലയിലും എറണാകുളത്തും മറ്റ് ജില്ലകളിലും എംപാനൽ ചെയ്ത പ്രമുഖ ആശുപത്രികളുടെ എണ്ണം വളരെ കുറവാണ്.

ഡിസ്ചാർജ് ചെയ്യുമ്പോഴുള്ള ബിൽ തുകയുടെ ഇരട്ടിയിലധികം തുക ചില ആശുപത്രികൾ ക്ലെയിം ചെയ്യുന്നുണ്ടെന്നും ആക്ഷേപമുണ്ട്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയതായാണ് അറിവ്.

മുറിവാടകയിലും ചികിത്സാദിനങ്ങളിലും ക്രമക്കേട് നടത്തുന്നുണ്ടെന്നാണ് മറ്റൊരു ആരോപണം. പ്രതിദിനം 2000 രൂപ ക്ലെയിം ചെയ്യാമെന്ന വ്യവസ്ഥയാണ് ദുരുപയോഗം ചെയ്യുന്നത്. കൂടുതൽ തുക വസൂലാക്കിയാൽ പിന്നീട് ചികിത്സയ്ക്കുള്ള പണം കുറഞ്ഞുപോകും. കുടുംബത്തിന് 3 ലക്ഷം രൂപയുടെ പരിരക്ഷയാണുള്ളത്.

പദ്ധതി മികച്ച രീതിയിലെന്ന് സർക്കാർ

മെഡിസെപ് മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും പരാതികൾ പരിഹരിക്കാനും ആശയക്കുഴപ്പം ഒഴിവാക്കാനും സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സർക്കാർ പറയുന്നു.

ബിൽ തുക വെബ്സൈറ്റിൽ പരിശോധിക്കണം

ആശുപത്രികൾ നൽകുന്നബില്ലിലെ തുകതന്നെയാണ് ക്ലെയിം ചെയ്തതെന്ന് മെഡിസെപ് വെബ് സൈറ്റിൽ പരിശോധിക്കാനാകും. ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോൾ ബില്ല് ചോദിച്ചു വാങ്ങാനും മറക്കരുത്.