
ആറ്റിങ്ങൽ:ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് അടൂർ പ്രകാശ് എം. പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെയും റെയിൽവേ ബോർഡ് ചെയർമാൻ വി.കെ ത്രിപാഠിയെയും സന്ദർശിച്ച് ആവശ്യപ്പെട്ടു. ശിവഗിരി തീർത്ഥാടനത്തിന്റെ നവതി വർഷമായ ഇത്തവണ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും തീർത്ഥാടകർ എത്തുന്ന സാഹചര്യം കണക്കിലെടുത്താണിത്. വർക്കലയിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രിയും റെയിൽവേ ബോർഡ് ചെയർമാനും ഉറപ്പു നൽകിയതായി അടൂർ പ്രകാശ് അറിയിച്ചു. ശിവഗിരി സന്ദർശിച്ച വേളയിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആവശ്യപെട്ടതനുസരിച്ചാണ് മന്ത്രിയെയും റെയിൽവേ ചെയർമാനെയും കണ്ടതെന്നും എം. പി അറിയിച്ചു.