തിരുവനന്തപുരം: മേയറുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ പ്രതിഷേധത്തിനിടെ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിൽ നടത്തിയ പരാമർശം വിവാദത്തിൽ. മേയറുടെ ഡയസിനു മുന്നിൽ ബാനറുമായി പ്രതിഷേധിച്ച ഒമ്പത് വനിതാ കൗൺസിലർമാരെ മേയർ ആര്യാ രാജേന്ദ്രൻ സസ്‌പെൻഡ് ചെയ്‌തതിനു പിന്നാലെ പ്രതിഷേധക്കാർ ബുക്ക് ഉദ്യോഗസ്ഥരിൽ നിന്ന് വാങ്ങി ഹാജർ രേഖപ്പെടുത്തിയിരുന്നു. ഇതുകണ്ട അനിൽ സിറ്റിംഗ് ഫീസ് കിട്ടുന്നതിനു വേണ്ടിയാണ് സസ്‌പെൻഷനിലായിട്ടും ബി.ജെ.പി കൗൺസിലർമാർ ഒപ്പിട്ടതെന്ന് മൈക്കിലൂടെ പറഞ്ഞു.

'കാശ് കിട്ടാനാണെങ്കിൽ വേറെ എത്രയോ മാർഗമുണ്ട് കൗൺസിലർമാരെ', അതിന് ഈ ബുക്കിൽ ഒപ്പിടണോ ' എന്നും വനിതാ കൗൺസിലർമാരെ നോക്കി അനിൽ ചോദിച്ചു, പത്രക്കാർ കാണുന്നതല്ലേയെന്നും അനിൽ ചോദിക്കുന്നുണ്ട്. ഇതിനോട് അപ്പോൾത്തന്നെ രൂക്ഷമായാണ് വനിതാ കൗൺസിലർമാർ പ്രതികരിച്ചത്. പരാമർശത്തിൽ പ്രതിഷേധിച്ച് കൗൺസിൽ ഹാളിൽ ബി.ജെ.പി കൗൺസിലർമാർ 24 മണിക്കൂർ സത്യഗ്രഹം ആരംഭിച്ചു. വനിതാ കൗൺസിലർമാരെ അപമാനിച്ച ഡി.ആർ.അനിലിനെ സസ്‌പെൻഡ് ചെയ്യണമെന്നും ക്രിമിനൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് മേയർക്കും മ്യൂസിയം സ്‌റ്റേഷനിലും ബി.ജെ.പി പരാതി നൽകിയിട്ടുണ്ട്. വനിതാ കമ്മിഷനും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകുമെന്നും ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ.ഗോപൻ പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശത്തിൽ തെളിവ് കണ്ടതിനുശേഷം പ്രതികരിക്കാമെന്ന് മേയർ പറഞ്ഞു. താൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും ഡി.ആർ.അനിൽ പ്രതികരിച്ചു.

ഡി.ആർ.അനിലിനെ അറസ്റ്റ് ചെയ്യണം:

കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിലിനെ അറസ്റ്റുചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. അനിൽ രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ പുറത്താക്കണം. കൗൺസിലർമാരെ സസ്‌പെൻഡ് ചെയ്‌തത് ജനാധിപത്യവിരുദ്ധമാണെന്നും സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.