തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ 27ന് എസ്.എൻ.ഡി.പി യോഗം കോലത്തുകര ശാഖാങ്കണത്തിൽ നിന്ന് ചെമ്പഴന്തി ഗുരുകുലത്തിലേക്ക് വിളംബര ജാഥയും കലവറ നിറയ്‌ക്കൽ ഘോഷയാത്രയും സംഘടിപ്പിക്കുന്നു.

27ന് രാവിലെ ചാരിറ്റി സെന്റർ പ്രസിഡന്റ് വി. മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ കോലത്തുകര ശാഖാങ്കണത്തിൽ നടക്കുന്ന വിളംബര ഘോഷയാത്ര കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഘോഷയാത്ര കൺവീനർ കോലത്തുകര പ്രമോദിന് പീത പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ, വെള്ളാപ്പള്ളി ചാരിറ്റി സെന്റർ ഭാരവാഹികളായ ജി. സുരേന്ദ്രനാഥൻ, ചേന്തി അനിൽ, കടകംപള്ളി സനൽ, ആക്കുളം മോഹനൻ, രക്ഷാധികാരി ഉപേന്ദ്രൻ കോൺട്രാക്ടർ, എസ്. സത്യരാജ്, കെ.വി. അനിൽകുമാർ, മണ്ണന്തല സി. മോഹനൻ എന്നിവർ പങ്കെടുക്കും.

കോലത്തുകര മോഹനൻ സ്വാഗതവും വിജയൻ കൈലാസ് നന്ദിയും രേഖപ്പെടുത്തുമെന്ന് ചീഫ് കോ - ഓർഡിനേറ്റർ ആലുവിള അജിത്ത് അറിയിച്ചു. 31ന് ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ചെമ്പഴന്തി ഗുരുകുലത്തിൽ ദാഹജല വിതരണം നടത്തും.