b-ashok-ias

തിരുവനന്തപുരം:സാധാരണക്കാർക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ മേഖലയിൽ കൂടുതൽ സ്റ്റാർട്ടപ്പുകളും പുതിയ ആശയങ്ങളും വേണമെന്ന് കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് പറഞ്ഞു. കോവളത്ത് ഹഡിൽ ഗ്ളോബൽ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ഓഫീസുകൾ ഡിജിറ്റലൈസ് ചെയ്യാനാവശ്യമായ സോഫ്ട്‌വെയറുകൾ നിർമ്മിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ധാരാളം അവസരങ്ങളുണ്ട്.

വിഷരഹിതവും ആരോഗ്യപ്രദവുമായ ഭക്ഷണം ലഭ്യമാക്കാൻ കൃഷി ചെയ്യുന്ന മണ്ണിൽ തുടങ്ങി അത് പ്ലേറ്റിലെത്തുന്നതുവരെയുള്ള പ്രവർത്തനങ്ങളിൽ സ്റ്റാർട്ടപ്പുകൾക്ക് പുതിയ ആശയങ്ങൾ നല്കാനാകും. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത വിധം ഊർജസ്രോതസുകളെ ഉപയോഗിക്കാനാവുന്ന ഉത്പന്നങ്ങളും ആവശ്യമാണ്. ഫിനാൻഷ്യൽ ടെക്‌നോളജി, ജീനോമിക്സ്, ജലസേചനത്തിനുള്ള ടെക്‌നോളജി, മൂല്യവർദ്ധിത ഉല്പന്നങ്ങൾക്കുള്ള ആശയങ്ങൾ തുടങ്ങിയവ നല്കാൻ സ്റ്റാർട്ടപ്പുകൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി ഐ.ടി.സെക്രട്ടറി സ്‌നേഹിൽ കുമാർ, സംസ്ഥാന കൃഷിവകുപ്പ് ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി വിഘ്‌നേശ്വരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കെഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ.പി വി.ഉണ്ണികൃഷ്ണൻ മോഡറേറ്ററായി.