വെഞ്ഞാറമൂട്: ക്രിസ്മസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അലങ്കാര ലൈറ്റുകൾ, ക്രിസ്മസ് പാപ്പാ തൊപ്പികൾ, വിവിധ തരത്തിലുള്ള സ്റ്റാറുകൾ തുടങ്ങിയവയാൽ പാതയോരങ്ങൾ നിറഞ്ഞു. ക്രിസ്മസിന്റെ വരവറിയിച്ച് നഗരത്തിലെ പാതയോര വിപണികൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധി പൂർണമായും മാറിയതോടെ മുൻ വർഷങ്ങളിലേതിനെക്കാൾ ഇത്തവണ വിപണി നേരത്തെ തന്നെ ഒരുങ്ങിയെന്ന് വ്യാപാരികൾ പറയുന്നു. കടകളിലും നിരത്തുകളിലുമായി ക്രിസ്മസ് പാപ്പായുടെ തൊപ്പി, മാസ്‌ക് എന്നിവയ്‌ക്കൊപ്പം നിന്ന് ചിത്രങ്ങൾ പകർത്തുന്നവരുടെ തിരക്കും ഏറെയാണ്. ക്രിസ്മസ് ട്രീകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള ലൈറ്റുകൾ, ഡെക്കറേഷൻ ഐറ്റംസ് കാണാനെത്തുന്നവരും അനവധിയാണ്. ഇത്തവണ ക്രിസ്മസ് വിപണിയെ ഉയർത്താൻ ഫുട്ബാൾ താരങ്ങൾ മുതൽ ഹിറ്റ് സിനിമകൾ വരെയുണ്ട്. മെസി, നെയ്മർ, റൊണാൾഡോ തുടങ്ങിയ നക്ഷത്രങ്ങൾക്ക് ഫുട്ബാൾ പ്രേമികൾക്കിടയിൽ ഡിമാന്റേറെയാണ്. നക്ഷത്രങ്ങളിൽ താരങ്ങളുടെ ചിത്രങ്ങൾ തെളിയുമെന്നതാണ് ഇവയുടെ പ്രത്യേകത. 300 രൂപ മുതലാണ് ഇത്തരം നക്ഷത്രങ്ങളുടെ വില. ക്രിസ്മസ് പാപ്പായുടെ ഉടുപ്പുകൾക്കും ആവശ്യക്കാരുണ്ട്. ഉടുപ്പുകളുടെ വില 160 രൂപ മുതൽ തുടങ്ങുന്നു. 30 രൂപയുടെ വിവിധതരത്തിലുള്ള മാലകളും ക്രിസ്മസിനോടനുബന്ധിച്ച് എത്തിക്കഴിഞ്ഞു. 80,120 രൂപ വിലയിൽ ക്രിസ്മസ് സ്റ്റിക്കും വിപണിയിലുണ്ട്. സ്കൂളുകളിലും കോളേജുകളിലുമെല്ലാം ക്രിസ്മസ് ആഘോഷം ആരംഭിച്ചതിനാൽ ക്രിസ്മസ് അനുബന്ധ ഡ്രസുകൾക്കും ഡിമാന്റ് ഏറെയാണ്.
പുതിയ ട്രെൻഡുകൾ
മഴത്തുള്ളി ലൈറ്റുകൾ, ബൾബ് മോഡൽ ലൈറ്റുകൾ, ട്രീ മോഡൽ ലൈറ്റുകൾ തുടങ്ങിയവയാണ് വിപണിയിലെ പുതിയ ട്രെൻഡുകൾ. 80 രൂപ മുതലാണ് ഇവയുടെ വില. കൂടാതെ, കുട്ടികൾക്കായി ക്രിസ്മസ് പാപ്പാ മോഡൽ റാകളും ബോകളുമെല്ലാം തന്നെ വിപണിയിലെ പുതിയ താരങ്ങളായിക്കഴിഞ്ഞു. ബലൂണുകളുടെ വില 10 രൂപ മുതലാണ് ആരംഭിക്കുന്നത്. ഇവയിൽ പാമ്പ് മോഡൽ, ഫുട്‌ബാൾ മോഡൽ ബലൂണുകളുമുണ്ട്. എക്കാലവും ക്രിസ്മസിലൊഴിച്ചു കൂടാനാവാത്ത ഒന്നാണ് ക്രിസ്മസ് തൊപ്പികളും മുഖം മൂടികളും. വിവിധ തരത്തിലും ആകർഷണീയവുമായ തൊപ്പികളും മുഖം മൂടികളുമെല്ലാം വിപണിയിൽ സജീവമായിക്കഴിഞ്ഞു. തൊപ്പി വില 20 മുതലാണ് ആരംഭിക്കുന്നത്. റബർ മോഡൽ ക്രിസ്മസ് പാപ്പാ മുഖംമൂടിയ്ക്ക് 20 രൂപ മുതലും. പ്ലാസ്റ്റിക് മോഡൽ മാസ്‌കുകളുടെ വില 120 മുതലാണ് ആരംഭിക്കുന്നത്.
നക്ഷത്രങ്ങൾ മിന്നിത്തുടങ്ങി
നക്ഷത്രങ്ങളിലെ വൈവിദ്ധ്യങ്ങൾ തന്നെയാണ് ക്രിസ്മസ് വിപണിയിലെ പ്രധാന ആകർഷണം. വിവിധ ഡിസൈനിലും വലിപ്പത്തിലും നിറങ്ങളിലുമായി വിപണിയിലുള്ള ആകർഷകമായ നക്ഷത്രങ്ങൾക്ക് 30 മുതൽ 1300 രൂപ വരെയാണ് വില വരുന്നത്. കടലാസ് നക്ഷത്രങ്ങൾ പൊടുന്നനെ കീറിപ്പോകാൻ സാദ്ധ്യതയുള്ളതിനാൽ എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. എൽ.ഇ.ഡി ആവശ്യക്കാർക്കായി വിവിധ തരത്തിലെ നക്ഷത്രങ്ങളും വിപണിയിൽ ഒരുങ്ങിയിട്ടുണ്ട്. 120 മുതൽ 600 രൂപ വരെയാണ് ഇവയുടെ വില.