
നെയ്യാറ്റിൻകര: 90-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറത്ത് എത്തിച്ചേരുന്ന തീർത്ഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതു സംബന്ധിച്ച് വിവിധ വകുപ്പുകളുടെ ആലോചനായോഗം അരുവിപ്പുറം മഠത്തിൽ നടന്നു.
തീർത്ഥാടന ദിവസങ്ങളിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി വനിതാ പൊലീസ് അടക്കം 500ൽപ്പരം പൊലീസ് സേനയെ വിവിധ സ്ഥലങ്ങളിൽ നിയോഗിക്കും. അതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം പ്രവർത്തിക്കും. അലോപ്പതി, ആയുർവേദം, ഹോമിയോ എന്നീ ചികിത്സാ വിഭാഗങ്ങളുടെ പ്രത്യേക ചികിത്സാകേന്ദ്രങ്ങളും ക്ഷേത്രാങ്കണത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കും.
ഫയർഫോഴ്സ്, എക്സൈസ് എന്നീ വിഭാഗങ്ങളുടെ കൺട്രോൾ റൂം പ്രവർത്തിക്കും. തടസം കൂടാതെ വൈദ്യുതിയും കുടിവെള്ളവും ലഭ്യമാക്കുന്നതിന് കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി വിഭാഗങ്ങൾ പ്രവർത്തിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ തീർത്ഥാടന ദിവസങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തും. നെയ്യാറ്റിൻകര നഗരസഭയും, പെരുങ്കടവിള ഗ്രാമപഞ്ചായത്തും സംയുക്തമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കെ.എസ്.ആർ.ടി.സി അരുവിപ്പുറത്തു നിന്ന് ശിവഗിരിയിലേക്കും തിരിച്ചും തീർത്ഥാടകരുടെ ആവശ്യപ്രകാരം പ്രത്യേക തീർത്ഥാടന പാക്കേജ് ഒരുക്കും. കെ.ആൻസലൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആലോചനായോഗത്തിൽ എ.ഡി.എം അനിൽ ജോസ്, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹനൻ, തഹസീൽദാർ അരുൺ .ജെ.എൽ, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ, മാരായമുട്ടം എസ്.എച്ച്.ഒ പ്രസാദ് എന്നിവർ പങ്കെടുത്തു.