poverty

കണ്ണൂർ: അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സൂപ്പർ ചെക്കിംഗും അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ട മൈക്രോപ്ലാനുകളും കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് കണ്ടെത്തിയത് രണ്ട് അതിദരിദ്ര രഹിത പഞ്ചായത്തുകൾ. ആലപ്പുഴ ജില്ലയിലെ കുമാരപുരവും കാസർകോട് ജില്ലയിലെ കള്ളാറുമാണ് ഇവ.

ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നീ ഘടകങ്ങൾ പരിഗണിച്ച് കാസർകോട് ജില്ലയിലെ 38 പഞ്ചായത്തുകളിലും 3 മുൻസിപ്പാലിറ്റികളിലുമായി 777 വാർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കും തുടർ പ്രവർത്തനങ്ങൾക്കും ശേഷമാണ് കള്ളാർ പഞ്ചായത്തിന് ഈ നേട്ടം കൈവന്നത്. കള്ളാർ പഞ്ചായത്തിൽ 14 വാർഡുകളിലായി അയ്യായിരം കുടുംബങ്ങളാണുള്ളത്. കുടുംബശ്രീയുടേയും വാർഡ്‌ സാനിറ്റേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സൂപ്പർ ചെക്കിംഗ് കഴിഞ്ഞപ്പോൾ 16 പേരാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്. അവരിൽ 12 പേരെ അഗതിരഹിതകേരളം പദ്ധതിയുടെ ഭാഗമായ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയും പെൻഷൻ ആവശ്യമുള്ളവർക്ക് അത്‌ നേടിക്കൊടുത്തും തിരിച്ചറിയൽ രേഖകൾ ലഭ്യമാക്കിയുമാണ് കള്ളാർ മറ്റ് പഞ്ചായത്തുകൾക്ക് മാതൃകയായത്. ജില്ലയിലെ വലിയപറമ്പ ഗ്രാമ പഞ്ചായത്തിൽ ഒരു അതി ദരിദ്ര കുടുംബമാണ് ഉള്ളത്.

സംസ്ഥാനത്ത് അരലക്ഷം അതിദരിദ്രർ

സംസ്ഥാനത്ത് ആകെ അതിദരിദ്ര‌ർ 55507

ചികിത്സ ലഭ്യമല്ലാത്തവർ 22233

ഭക്ഷണം കിട്ടാത്തവർ 14618

റേഷൻ കാർഡ് ഇല്ലാത്തവർ 2584,

തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർ 6776,

ആധാർ കാർഡും മറ്റും ഇല്ലാത്തവർ 4268

ഒറ്റയ്ക്ക് താമസിക്കുന്നവർ 194

അതിദരിദ്രർ ഇല്ലാത്ത പഞ്ചായത്ത് എന്ന പദവി നേടിയെടുക്കാൻ വേണ്ടി ഒന്നും ചെയ്തതല്ല. അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളുടെ അവകാശമാണ്. ആ അവകാശം കള്ളാർ പഞ്ചായത്തിലെ ആർക്കും നിഷേധിക്കപ്പെടരുത് എന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയായിരുന്നു.

ടി. . നാരായണൻ,​ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ്