തിരുവനന്തപുരം : നവകേരളം ലിംഗസമത്വ പക്ഷത്തായിരിക്കണമെന്നും ജനപക്ഷം എന്നാൽ സ്ത്രീപക്ഷവും കൂടിയാവണമെന്നും കേരള വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ.പി.സതീദേവി പറഞ്ഞു. നിർഭയദിനത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, കേരള വനിതാ കമ്മിഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച 'പെൺപകൽ ,​വിറകല്ല സ്ത്രീകൾ വെറുതെ എരിഞ്ഞുതീരാൻ' എന്ന സെമിനാർ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.നീതിയുടേയും സ്വാതന്ത്ര്യത്തിന്റെയും അവകാശികൾ എന്ന വിഷയത്തിൽ എഴുത്തുകാരി സി.എസ്.ചന്ദ്രിക മുഖ്യപ്രഭാഷണം നടത്തി.കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം അദ്ധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സെക്രട്ടറി പ്രിയദർശനൻ പി. എസ് സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. പ്രിയ വർഗീസ് നന്ദിയും പറഞ്ഞു.