
തിരുവനന്തപുരം: കോവളത്ത് നടന്ന ദ്വിദിന ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് സംഗമത്തോടനുബന്ധിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ ഏർപ്പെടുത്തിയ ഗ്രാന്റ് കേരള സ്റ്റാർട്ടപ്പ് ചലഞ്ച് പുരസ്കാരം സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായ കൊച്ചി ആസ്ഥാനമായുള്ള പ്രൊഫേസ് ടെക്‌നോളജീസിന് ലഭിച്ചു. 50 ലക്ഷം രൂപയാണ് സമ്മാനത്തുക. സമാപന സമ്മേളനത്തിൽ തമിഴ്നാട് ഐ.ടി മന്ത്രി മനോ തങ്കരാജ് പുരസ്‌കാരം സമ്മാനിച്ചു.
രാജീവൻ തോപ്പിൽ വൈശാഖും ലക്ഷ്മി ദാസും ചേർന്ന് 2019ൽ സ്ഥാപിച്ചതാണ് പ്രൊഫേസ് ടെക്നോളജീസ്. ഹാക്കിംഗിൽ നിന്ന് വെബ് സുരക്ഷ നൽകുന്ന സംരംഭമാണിത്. രണ്ടാം സമ്മാനം (25 ലക്ഷം) എൻവൈ ക്വസ്റ്റ് ഇന്നവേഷൻ ലാബ്സിനാണ്. സ്റ്റാർട്ടപ്പ് ചലഞ്ചിൽ 20 കോടിയിൽ താഴെ ബിസിനസ് മൂല്യമുള്ള സ്റ്റാർട്ടപ്പുകളാണ് പങ്കെടുത്തത്. സർക്കാരിന്റെ ഇന്നവേഷൻ ഗ്രാന്റ് സ്‌കീമിന് കീഴിൽ 23 സ്റ്റാർട്ടപ്പുകൾക്കുള്ള സാമ്പത്തിക സഹായവും സ്റ്റാർട്ടപ്പ് മിഷൻ പ്രഖ്യാപിച്ചു.
ഫോട്ടോ: കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഗ്രാന്റ് കേരള സ്റ്റാർട്ടപ്പ് ചലഞ്ച് പുരസ്‌കാരം പ്രൊഫേസ് ടെക്‌നോളജീസിന് തമിഴ്നാട് ഐടി മന്ത്രി മനോ തങ്കരാജ് പുരസ്‌കാരം സമ്മാനിക്കുന്നു. സംസ്ഥാന ഇലക്ട്രോണിക്സ് ഐടി സെക്രട്ടറി രത്തൻ യു. ഖേൽക്കർ, തമിഴ്നാട് സ്റ്റാർട്ടപ്പ് ഇന്നവേഷൻ ഡയറക്ടർ ശിവരാജ് രാമനാഥൻ, കെഎസ്യുഎം സ്റ്റാർട്ടപ്പ് ഫണ്ടിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്സ് മാനേജർ സൂര്യ തങ്കം എന്നിവർ സമീപം.