
നെടുമങ്ങാട്: പാതയോരങ്ങളുടെ ഇരുവശങ്ങളിലും കാടുപിടിച്ച് കിടക്കുന്നതും റോഡിന് സമീപം നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ ചാഞ്ഞു കിടക്കുന്നതും മൂലം അപകടങ്ങൾ വർദ്ധിക്കുന്നതായി പരാതി. നെടുമങ്ങാട് മുതൽ കരകുളം വരെയുളള റോഡിന്റെ ഇരുവശവുമാണ് ഈ അവസ്ഥ. റോഡുകളുടെ വശങ്ങളിൽ നിൽക്കുന്ന കാടുകളോ മരങ്ങളുടെ ശിഖരങ്ങളോ യഥാസമയം വെട്ടി മാറ്റാത്തതാണ് ഈ ബുദ്ധിമുട്ടിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. കാട് പിടിച്ച് കിടക്കുന്നതിനാൽ ഈ ഭാഗങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പതിവാണ്. പ്രധാന വീഥികളിലെല്ലാം തന്നെ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനരഹിതമായതിനാൽ കാമറയ്ക്ക് മുൻപിലാണ് കൂടുതലായും ഇപ്പോൾ വേസ്റ്റുകൾ കൊണ്ട് നിക്ഷേപിക്കുന്നത്. വേസ്റ്റുകൾ നീക്കം ചെയ്യുന്നതിനും കാൽനട യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും ഭാഗമായി പാഴ്ച്ചെടികൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് അധികാരികളോട് പലതവണ ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. റോഡിന്റെ ഇരുവശങ്ങളും കാടുപിടിച്ചു കിടക്കുന്നത് കാരണം റോഡിൽ കയറി നടക്കേണ്ട അവസ്ഥയിലാണ്. റോഡിൽ കയറി നടക്കുന്നതിനാൽ പല അപകടങ്ങളും ഇവിടെ ഉണ്ടാകുന്നുണ്ട്. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് മൂലം സാമൂഹിക വിരുദ്ധരുടെ ശല്യവും അപകടങ്ങളും ഗ്രാമീണ റോഡുകളിൽ ഉൾപ്പെടെ പതിവായി മാറിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നാം കണ്ടുവരുന്നത്.
തെരുവ് നായ് ആക്രമണവും
മിക്ക സ്ഥലങ്ങളിലെയും റോഡുകളുടെ ഇരുവശവുമുളള ഭാഗങ്ങൾ മുഴുവനും കാട് മൂടിയ നിലയിലാണ്. പലസ്ഥലങ്ങളിലും യാത്രക്കാർക്ക് കാൽനട പോലും ഇവിടെ അസാദ്ധ്യമായിക്കഴിഞ്ഞു. കാടുപിടിച്ച് കിടക്കുന്നത് മൂലം ഇഴ ജന്തുക്കളുടെ ശല്യവും കൂടുതലാണ്. കാടുപിടിച്ച് കിടക്കുന്നതിനാൽ സമീപപ്രദേശങ്ങളിൽ ഉളള ചെറുകിട വ്യാപാരി വ്യവസായികളും പെട്ടിക്കടക്കാർ ഉൾപ്പെടെയുളളവരും വേസ്റ്റുകൾ ഈ ഭാഗങ്ങളിൽ തളളുന്നതും പതിവാണ്. ഇത് തെരുവുനായ് ശല്യം വർദ്ധിക്കുന്നതിന് കാരണമാവുന്നു. അതോടൊപ്പം വഴിയാത്രക്കാർക്ക് പലപ്പോഴും തെരുവ് നായകളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നതും സർവസാധാരണമായിട്ടുണ്ട്.