തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിലുൾപ്പെടെ നടപടി ആവശ്യപ്പെട്ട് നഗരസഭയ്‌ക്ക് മുന്നിൽ നടത്തുന്ന ജനകീയ പ്രക്ഷോഭത്തോടൊപ്പം നിയമ നടപടികളുമായും കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. നിയമന ക്രമക്കേടിനും അഴിമതിക്കുമെതിരെ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് കൗൺസിലർ ആക്കുളം എസ്.സുരേഷ് കുമാർ ഫയൽ ചെയ്‌ത ഹർജികളെല്ലാം കോടതി ഫയലിൽ സ്വീകരിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിൽ ഡി.സി.സിക്കോ യു.ഡി.എഫിനോ യാതൊരു പങ്കുമില്ല. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അഴിമതിക്കേസുകളിൽ കഴിഞ്ഞദിവസം പുറപ്പെടുവിച്ച സുപ്രധാന വിധി തിരുവനന്തപുരം മേയറുടെയും മന്ത്രിമാരുടെയും ശ്രദ്ധയിലുണ്ടാകണം.