പൂവാർ: ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തി മടങ്ങവെ ആറര വയസുകാരിയെ ബസിൽ വച്ച് ഒരാൾ മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം പൂവാർ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. കരുംകുളം നിവാസിയായ അമ്മയും രണ്ട് മക്കളുമാണ് കണ്ണുനോവിന് ചികിത്സ തേടി പൂവാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. ഡേക്ടറെ കണ്ടശേഷം പൂവാർ ബസ് സ്റ്റാൻഡിൽ ഒഴിഞ്ഞുകിടന്ന ബസിൽ കയറി ഇരിക്കവെയാണ്, ഒരാൾ ദേഹത്ത് തട്ടി എന്ന കാരണം പറഞ്ഞ് കുട്ടിയുടെ മുഖത്ത് കൈ മുറുക്കി ഇടിച്ച് പരിക്കേൽപ്പിച്ചത്.
മുഖത്ത് നീരും വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അതിന് ശേഷം പൂവാർ പൊലീസിൽ പരാതി നൽകി. കുട്ടിയെ മർദ്ദിക്കുന്ന വീഡിയോ അടക്കം നൽകിയാണ് പരാതി നൽകിയത്. പ്രതിയെ കണ്ടെത്താനായില്ലെന്നും കേസെടുത്തിട്ടുണ്ടെന്നും പൂവാർ പൊലീസ് പറഞ്ഞു. മർദ്ദനമേറ്റ കുട്ടിയുടെ വീട് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. കുട്ടിയുടെ അമ്മ ആദ്യം കാഞ്ഞിരംകുളം പൊലീസിന് പരാതി നൽകിയെങ്കിലും സ്വീകരിക്കാത്തതിനെ തുടർന്നാണ് സംഭവം നടന്ന പൂവാർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്.